കേക്കുമായി ഒരാൾ നടന്നുപോകുന്നതും ചില മാധ്യമ പ്രവർത്തകർ അയാളോട് ചോദ്യങ്ങൾ ചോദിക്കുന്നതുമാണ് വീഡിയോ ക്ലിപ്പുകളിലുള്ളത്. 

ന്യുഡൽഹി: പഹൽഗാമിലെ ഭീകരാക്രമണത്തിന് ശേഷം രണ്ട് ദിവസം പിന്നിടുമ്പോൾ ന്യൂഡൽഹിയിലെ പാകിസ്ഥാൻ ഹൈകമ്മീഷനിലേക്ക് ഒരാൾ കേക്കുമായി പോകുന്ന വീഡിയോയെച്ചൊല്ലി സോഷ്യൽ മീഡിയയിൽ പ്രതിഷേധം. രാജ്യം നടുങ്ങിയ ആക്രമണത്തിന് ശേഷം പാകിസ്ഥാൻ ഹൈകമ്മീഷനിൽ ആഘോഷം നടക്കുകയാണെന്ന തരത്തിലാണ് സോഷ്യൽ മീഡിയയിലെ ആരോപണങ്ങളും വിമർശനവും. 

ഒരാൾ കേക്കുമായി നടന്നുപോകുന്നതാണ് ഇപ്പോൾ പ്രചരിക്കുന്ന വീഡിയോയിലുള്ളത്. ഇയാളോട് ചില റിപ്പോർട്ടർമാർ ചോദ്യങ്ങൾ ചോദിക്കുന്നതും കേൾക്കാം. എന്തിനാണ് ഈ കേക്കെന്നും എന്ത് ആഘോഷമാണ് നടക്കുന്നതെന്നും റിപ്പോർട്ടർമാർ ഇയാളോട് ചോദിക്കുന്നുണ്ട്. നിങ്ങൾ പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ ജീവനക്കാരനാണോ എന്നും ചോദിക്കുന്നുണ്ട്. എന്നാൽ കേക്കുമായി പോകുന്നയാൾ ചോദ്യങ്ങളോട് പ്രതികരിക്കുന്നില്ല. പുറത്തുവന്ന വീഡിയോ ചുരുങ്ങിയ സമയം കൊണ്ടുതന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വലിയ തോതിൽ പ്രതിഷേധവും രോഷവുമെല്ലാം ആളുകൾ കമന്റുകളായി പങ്കുവെയ്ക്കുന്നുണ്ട്. 

Scroll to load tweet…

അതേസമയം ഇന്ന് ന്യൂഡൽഹിയിലെ പാകിസ്ഥാൻ ഹൈകമ്മീഷന് മുന്നിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നിരുന്നു. ഇന്നലെ അർദ്ധരാത്രിയാണ് പാകിസ്ഥാൻ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി ഇന്ത്യ നിർദേശങ്ങൾ അറിയിച്ചത്. പ്രധാനപ്പെട്ട അഞ്ചോളം തീരുമാനങ്ങളാണ് ഇക്കാര്യത്തിൽ ഇന്ത്യ കൈക്കൊണ്ടിട്ടുള്ളത്. സിന്ധുനദീജല കരാർ മരവിപ്പിക്കുകയും അട്ടാരി അതിർത്തി അടക്കുകയും ചെയ്തു. അതിർത്തി കടന്നവർക്ക് മെയ് ഒന്നിന് മുൻപ് തിരിച്ചെത്താം. 

പാകിസ്ഥാൻ പൗരൻമാർക്ക് വീസ നൽകില്ലെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട തീരുമാനം. എസ് വി ഇ എസ് (SVES) വിസയിൽ ഇന്ത്യയിലുള്ളവർ 48 മണിക്കൂറിനുള്ളിൽ തിരികെ പോകണം. പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ പ്രതിരോധ ഉദ്യോഗസ്ഥരെയും പുറത്താക്കി. ഇവർ ഒരാഴ്ചയ്ക്കുള്ളിൽ ഇന്ത്യയിൽ നിന്ന് പിന്മാറണം. ഇന്ത്യയും പാകിസ്ഥാനിലെ പ്രതിരോധ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കുമെന്നും സെക്രട്ടറി അറിയിച്ചു.

അതേസമയം പഹൽ​ഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യക്കെതിരെ ആരോപണവുമായി പാക്കിസ്ഥാൻ ഇന്ന് രംഗത്തെത്തുകയും ചെയ്തു. ഇന്ത്യയുടെ തീരുമാനങ്ങൾ അപക്വമെന്ന് പാക് വിദേശകാര്യ മന്ത്രി ഇഷാഖ് ധർ പറഞ്ഞു. ഭീകരാക്രമണത്തിൽ പാക്കിസ്ഥാന് പങ്കുണ്ടെങ്കിൽ തെളിവ് നൽകണമെന്നും ഇതുവരെ ഇന്ത്യ ഒരു തെളിവും നൽകിയിട്ടില്ലെന്നും ഇഷാഖ് ധർ ആരോപിച്ചു. ഭീകരാക്രമണവുമായി ബന്ധമില്ലെന്ന ഔദ്യോ​ഗിക വിശദീകരണമാണ് പാക്കിസ്ഥാന്റെ ഭാ​ഗത്തുനിന്നും ഇന്നലെ വന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം