ഭോപ്പാല്‍: നിയമസഭ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്ന മധ്യപ്രദേശില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തുണയായി മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ള ഒഴുക്ക്. മായാവതിയുടെ ബഹുജന്‍ സമാജ്‍വാദി പാര്‍ട്ടിയില്‍നിന്ന് 25ഓളം നേതാക്കളാണ് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി കമല്‍നാഥുമായി ചര്‍ച്ച നടത്തിയ ശേഷം പാര്‍ട്ടിയിലേക്കെത്തിയ നേതാക്കള്‍ക്ക് അംഗത്വം നല്‍കി സ്വീകരിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച പ്രാഗി ലാല്‍ അടക്കമുള്ള നേതാക്കളാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുന്നത്. സിറ്റിംഗ് എംഎല്‍എമാര്‍ രാജിവെച്ചതിനെ തുടര്‍ന്നുള്ള ഉപതെരഞ്ഞെടുപ്പ് നിര്‍ണായകമാകുമെന്ന അവസ്ഥയിലാണ് നേതാക്കളുടെ രാജിയെന്നുള്ളത് ഏറെ ശ്രദ്ധേയമാണ്. മധ്യപ്രദേശില്‍ സെപ്റ്റംബറില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത. 

ഇതിനിടെ  ട്വിറ്റര്‍ അക്കൗണ്ടിലെ പ്രൊഫൈലില്‍ നിന്ന് കോണ്‍ഗ്രസില്‍ നിന്ന് കൂടുമാറിയ ജ്യോതിരാദിത്യ സിന്ധ്യ ബിജെപി ഒഴിവാക്കിയത് ഏറെ ചര്‍ച്ചയായിരുന്നു. പ്രൊഫൈലില്‍ നിന്ന് ബിജെപി ഒഴിവാക്കിയ നടപടി അഭ്യൂഹങ്ങള്‍ക്ക് കാരണമായി. ഏറെ അഭ്യൂഹങ്ങള്‍ക്ക് ശേഷം കഴിഞ്ഞ മാര്‍ച്ചിലാണ് ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയത്. അതേസമയം, പ്രൊഫൈലില്‍ നിന്ന് ബിജെപി ഒഴിവാക്കിയ നടപടി വിവാദമാക്കുന്നത് കോണ്‍ഗ്രസിന്റെ ഗൂഢാലോചനയാണെന്ന് സിന്ധ്യയുടെ അനുയായികള്‍ ആരോപിച്ചു. 

'ട്വിറ്ററിലെ വിവരങ്ങള്‍ സിന്ധ്യ മാറ്റിയിട്ടില്ലെന്നും ഗൂഢാലോചന ഉയര്‍ത്തി കോണ്‍ഗ്രസ് യഥാര്‍ത്ഥ വസ്തുതകളില്‍ നിന്ന് വഴിതിരിച്ചുവിടുകയാണെന്ന് സിന്ധ്യയുടെ അനുയായി പങ്കജ് ചതുര്‍വേദി പറഞ്ഞു. 2019ല്‍ സിന്ധ്യ പ്രൊഫൈല്‍ വിവരത്തില്‍ നിന്ന് കോണ്‍ഗ്രസ് ഒഴിവാക്കി പബ്ലിക് സെര്‍വന്റ്, ക്രിക്കറ്റ് എന്‍തൂസിയാസ്റ്റ് എന്നാക്കി മാറ്റിയിരുന്നു. അതിന് ശേഷമാണ് അദ്ദേഹം കോണ്‍ഗ്രസ് വിടുകയാണെന്ന് അഭ്യൂഹമുയര്‍ന്നത്. 2020 മാര്‍ച്ചില്‍ സിന്ധ്യ പാര്‍ട്ടി വിടുകയും ചെയ്തു.