ദില്ലി: അന്തരിച്ച മുന്‍കേന്ദ്രമന്ത്രിമാരായ അരുണ്‍ ജെയ്റ്റലി, സുഷമ സ്വരാജ്, കായികതാരം മേരികോം എന്നിവര്‍ അടക്കം ഏഴ് പേര്‍ക്ക് പത്മവിഭൂഷണും മലയാളികളായ ശ്രീ എം, അന്തരിച്ച നിയമവിദഗ്ദ്ധന്‍ എന്‍ആര്‍ മാധവമേനോന്‍ എന്നിവരടക്കം16 പേര്‍ക്ക്  പത്മഭൂഷണ്‍ പുരസ്കാരവും 118 പേര്‍ക്ക് പത്മശ്രീ പുരസ്കാരവും പ്രഖ്യാപിച്ചു. 

ആകെ ഏഴ് മലയാളികളാണ് ഇത്തവണ പത്മപുരസ്കാരപട്ടികയില്‍ ഇടം നേടിയത്. ആത്മീയഗുരു ശ്രീ.എം, അന്തരിച്ച നിയമവിദഗ്ദ്ധന്‍ എന്‍.ആര്‍.മാധവമേനോന്‍ എന്നിവര്‍ പത്മഭൂഷണ്‍ പുരസ്കാരം നേടി. ഡോ.കെഎസ് മണിലാല്‍, എംകെ കുഞ്ഞോള്‍, എന്‍. ചന്ദ്രശേഖരന്‍ നായര്‍, മൂഴിക്കല്‍ പങ്കജാക്ഷിയമ്മ, സത്യനാരായണന്‍ മുണ്ടയൂര്‍ എന്നിവരെ പത്മശ്രീ പുരസ്കാരം നല്‍കി രാജ്യം ആദരിച്ചു. 

രാജ്യത്തെ രണ്ടാമത്തെ പരമോന്നത ബഹുമതിയായ പത്മവിഭൂഷണ്‍ ഏഴ് പേര്‍ക്കാണ് ലഭിച്ചത്. നാല് പേരും രാഷ്ട്രീയനേതാക്കളാണ്. പോയ വര്‍ഷം അന്തരിച്ച രാഷ്ട്രീയ നേതാക്കളായ ജോര്‍ജ് ഫെര്‍ണാണ്ടസ്, അരുണ്‍ ജെയ്റ്റലി, സുഷമ സ്വരാജ്, മൗറീഷ്യസ് മുന്‍പ്രധാനമന്ത്രിയും പ്രസിഡന്‍റുമായിരുന്ന അനീറൂ‍ഡ് ജുഗ്നൗത്, കായികതാരം മേരികോം, അന്തരിച്ച ഉഡുപ്പി പേജാവർ മഠാധിപതി വിശ്വേശരതീര്‍ത്ഥ പേജാവര അധോക് രാജ മാതാ ഉഡുപ്പി, ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ ഛനുലാല്‍മിശ്ര എന്നിവരെയാണ് ഈ വര്‍ഷം പത്മവിഭൂഷണ്‍ പുരസ്കാരം നല്‍കി രാജ്യം ആദരിച്ചത്. 

മലയാളിയായ ആത്മീയഗുരു ശ്രീ എം, നിയമവിദഗ്ദ്ധന്‍ എന്‍ആര്‍ മാധവമേനോന്‍, വ്യവസായി ആനന്ദ് മഹീന്ദ്ര, അന്തരിച്ച മുന്‍ഗോവമുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍, കായികതാരം പി.വി.സിന്ധു, അമേരിക്കന്‍ വ്യവസായി വേണു ശ്രീനിവാസ് എന്നിവരടക്കം 16 പേരാണ് പത്മഭൂഷണ്‍ പുരസ്കാരം നേടിയത്. 

118 പേര്‍ക്കാണ് ഇക്കുറി പത്മശ്രീ പുരസ്കാരം നല്‍കിയത്. ഇതില്‍ അ‍ഞ്ച് പേര്‍ മലയാളികളാണ്. ക്രിക്കറ്റ് താരം സഹീര്‍ ഖാന്‍, ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍, സീരിയല്‍ സംവിധായിക എക്ത കപൂര്‍, നടി കങ്കണ റൗത്ത്, ഗായകന്‍ അദ്നാന്‍ സമി എന്നിവരാണ് പത്മശ്രീ പട്ടികയില്‍ ഇടം നേടിയ ചിലര്‍.