ഇന്ത്യൻ കരസേന മേധാവിയുടെ മുന്നറിയിപ്പിന് പിന്നാലെ പ്രകോപനപരമായ പ്രസ്താവനയുമായി പാക് പ്രതിരോധ മന്ത്രി. ഇനിയൊരു സംഘർഷമുണ്ടായാൽ ഇന്ത്യയെ സ്വന്തം വിമാനങ്ങളുടെ അവശിഷ്ടങ്ങൾക്കടിയിൽ കുഴിച്ചിടുമെന്ന് ഖ്വാജ മുഹമ്മദ് ആസിഫ് എക്സിൽ കുറിച്ചു.

ദില്ലി : വീണ്ടും പ്രകോപനപരമായ പ്രസ്താവനയുമായി പാകിസ്ഥാൻ. ഇനിയും സംഘർഷമുണ്ടായാൽ ഇന്ത്യയെ സ്വന്തം വിമാനങ്ങളുടെ അവശിഷ്ടങ്ങൾക്കടിയിൽ കുഴിച്ചിടപ്പെടുമെന്നാണ് പാക് പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് എക്സിൽ കുറിച്ചത്. ഇനിയൊരു ഏറ്റുമുട്ടലിന് സാഹചര്യമുണ്ടായാൽ പാകിസ്താന്റെ ഭൂപടം തന്നെ മാറ്റേണ്ടിവരുമെന്ന ഇന്ത്യൻ കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയുടെ പരാമർശത്തിന് മറുപടിയായാണ് പ്രതികരണം. ലോക ഭൂപടത്തിൽ തങ്ങളുടെ സ്ഥാനം നിലനിർത്തണമെങ്കിൽ ഭീകരവാദത്തെ പിന്തുണയ്ക്കുന്നത് പാകിസ്ഥാൻ നിർത്തണമെന്നും ഇന്ത്യൻ സൈനിക മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി മുന്നറിയിപ്പ് നൽകിയിരുന്നു. പിന്നാലെയാണ് പാക് പ്രതിരോധ മന്ത്രിയുടെ പ്രകോപനപരമായ പ്രസ്താവന.

'ഓപ്പറേഷൻ സിന്ദൂർ' കാലത്ത് ആറ് ഇന്ത്യൻ പോർവിമാനങ്ങൾ തകർത്തെന്ന നേരത്തെ ഇന്ത്യ നിഷേധിച്ചിട്ടുള്ള വാദം ആസിഫ് വീണ്ടും ആവർത്തിച്ചു. ഇന്ത്യൻ സൈനിക, രാഷ്ട്രീയ നേതൃത്വത്തിന്റെ പ്രസ്താവനകൾ അവരുടെ തകർന്ന പ്രതിച്ഛായ വീണ്ടെടുക്കാനുള്ള പരാജയപ്പെട്ട ശ്രമമാണെന്നും ഇന്ത്യയിലെ പൊതുജനാഭിപ്രായം സർക്കാരിന് എതിരായി മാറിയെന്നുമാണ് പാകിസ്ഥാന്റെ വാദം. മോദിക്കും കൂട്ടർക്കും വിശ്വാസ്യത നഷ്ടപ്പെട്ടതും, നേതൃത്വത്തിൻ്റെ പ്രസ്താവനകളിൽ പ്രതിഫലിക്കുന്ന സമ്മർദ്ദത്തിൽ നിന്ന് വ്യക്തമാണെന്നും ഇനിയും യുദ്ധമുണ്ടായാൽ ഇന്ത്യയെ സ്വന്തം വിമാനങ്ങളുടെ അവശിഷ്ടങ്ങൾക്കടിയിൽ കുഴിച്ചിടപ്പെടുമെന്നുമാണ് പാക് മന്ത്രിയുടെ പ്രസ്താവന.

ഓപ്പറേഷൻ സിന്ദൂർ കാലത്ത് ഇന്ത്യൻ ആക്രമണങ്ങൾ പാകിസ്ഥാന്റെ യുഎസ് നിർമ്മിത എഫ്-16 വിമാനങ്ങൾ ഉൾപ്പെടെയുള്ള ഒരു ഡസനിലധികം സൈനിക വിമാനങ്ങൾ നശിപ്പിക്കുകയോ കേടുപാടുകൾ വരുത്തുകയോ ചെയ്തുവെന്ന് ഇന്ത്യൻ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി. സിംഗ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.