ദില്ലി: പുല്‍വാമ, ഉറി പോലുള്ള ആക്രമണങ്ങള്‍ക്ക് ഇന്ത്യ എങ്ങനെ മറുപടി നല്‍കുമെന്നറിയാതെ ഭയത്തിലാണ് പാകിസ്ഥാനെന്ന് കരസേന മേധാവി ബിപിന്‍ റാവത്ത്. ദി പ്രിന്‍റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. പാക്കിസ്ഥാനിലെ അസ്ഥിരമായ അവസ്ഥ ഇന്ത്യയെ സംബന്ധിച്ചെടുത്തോളം നല്ലതാണ്. ഇന്ത്യക്കെതിരായ ആക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയെ കുറിച്ച് പാക്കിസ്ഥാന്‍ ഭയക്കുന്നുണ്ട്. അവരുടെ ആക്രമണങ്ങള്‍ ഇന്ത്യ കൊടുത്ത തിരിച്ചടികള‍് അത്തരത്തിലായിരുന്നു. 

പുല്‍വാമ ആക്രമണത്തില്‍ 40 ജവാന്‍മാര്‍ കൊല്ലപ്പെട്ടതോടെയാണ് അത് വലിയ ആക്രമണമായി മാറിയത്. ബസില്‍ 40 പേര്‍ ഉണ്ടെന്ന കാര്യം ആക്രമണം നടത്തിയവര്‍ക്കും അറിയില്ലായിരുന്നു. സാധാരണ ഗതിയില്‍ അഞ്ചുപേരൊക്കെയാണ് ബസില്‍ ഉണ്ടാകാറുള്ളത്. അന്ന് ബസ് ഫുള്ളായത് ആക്രമണത്തിന്‍റെ ആഘാതം കൂട്ടി.

നേരത്തെ സേനയ്ക്ക് ബുള്ളറ്റുകളുടെ യും ഷെല്ലുകളുടെയും കുറവുണ്ടായിരുന്നു.  എന്നാല്‍ ഇപ്പോള്‍ തുടര്‍ച്ചയാ പത്ത് ദിവസം യുദ്ധം ചെയ്യാനുള്ള ആയുധങ്ങളും ബുള്ളറ്റുകളും സേനയുടെ കയ്യിലുണ്ട്. ചൈനയുമയി അതിര്‍ത്തി പങ്കിടുന്ന നിയന്ത്രണ രേഖകളില്‍  എപ്പോഴും ഡിഫന്‍സീവ് ആയി നില്‍ക്കുന്ന സമീപനത്തില്‍ സൈന്യം മാറ്റം വരുത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. 

സേനയെ സുസജ്ജമായി വിന്യസിക്കുക എന്നതിലാണ് സേന ഊന്നല്‍ നല്‍കുന്നത്. എന്നാല്‍ ചൈനയുമായി നിയന്ത്രണരേഖയിലുണ്ടാകുന്ന ചെറിയ പ്രശ്നങ്ങള്‍ക്കപ്പുറം യുദ്ധമൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നും അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ സാധാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കശ്മീരില്‍ കാര്യങ്ങളൊക്കെ സാധാരണഗതിയില്‍ നടക്കുന്നുണ്ടെന്നും മറിച്ചുള്ള പ്രചാരണങ്ങളൊക്കെ തെറ്റാണെന്നും ബിപിന്‍ റാവത്ത് പറഞ്ഞു.