ഛണ്ഡീഗഢ്: ഇന്ത്യയിലേക്ക് പാക്കിസ്ഥാന്‍ കൂടുതല്‍ വെള്ളം തുറന്നുവിട്ടതോടെ പഞ്ചാബിലെ അതിര്‍ത്തി ഗ്രാമങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍. പാക്കിസ്ഥാനിലെ ഫിറോസ്പുര്‍ ജില്ലയിലുള്ള ഗ്രാമങ്ങളിലാണ് ജലനിരപ്പ് ഉയരുമെന്ന ഭീഷണി നിലനില്‍ക്കുന്നത്. ഇതേ തുടര്‍ന്ന് ജില്ലാ ഭരണകൂടം പ്രദേശത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.

സത്‍ലജ്  നദീതീരത്ത് താമസിക്കുന്നവര്‍ മാറിത്താമസിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. കൂടുതല്‍ അളവില്‍ പാക്കിസ്ഥാന്‍ വെള്ളം തുറന്നുവിട്ടതോടെ ടെണ്ടിവാല ഗ്രാമത്തിലെ ഒരു തടയണക്ക് നാശം സംഭവിച്ചതാണ് വെള്ളം ഉയരാന്‍ കാരണമായതെന്ന് പഞ്ചാബ് സര്‍ക്കാരിന്‍റെ വക്താവ് അറിയിച്ചു. 

തടയണ ശക്തിപ്പെടുത്തുന്നതിനായി സൈന്യവുമായി ചേര്‍ന്ന് സംയുക്ത കര്‍മ്മ പദ്ധതി ആവിഷ്കരിക്കാന്‍ ജലവിഭവ വകുപ്പിന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് സത്‍ലജ് നദിയില്‍ നിന്ന് പാക്കിസ്ഥാന്‍ കൂടുതല്‍ വെള്ളം ഒഴുക്കിയതോടെ ഫിറോസ്പുറിലെ 17 ഓളം ഗ്രാമങ്ങള്‍ വെള്ളപ്പൊക്ക ഭീഷണി നേരിട്ടിരുന്നു.