Asianet News MalayalamAsianet News Malayalam

ഇസ്ലാമിക രാഷ്ട്ര സമ്മേളനത്തിൽ സുഷമാ സ്വരാജ് വിശിഷ്ടാതിഥി; പാകിസ്ഥാന് പ്രതിഷേധം, പിൻമാറി

ബാലാകോട്ട് പ്രത്യാക്രമണത്തിന്‍റെ പശ്ചാത്തലത്തിലും ഇന്ത്യയെ വിശിഷ്ടാതിഥിയായി ക്ഷണിച്ചതിലാണ് പാകിസ്ഥാന് പ്രതിഷേധം. 

pakistan withdrew from islamic nations conference as sushma swaraj is a special guest
Author
Abu Dhabi - United Arab Emirates, First Published Feb 27, 2019, 11:16 AM IST

അബുദാബി: ഇസ്ലാമിക് രാജ്യങ്ങളുടെ അന്താരാഷ്ട്ര സമ്മേളനത്തിൽ നിന്ന് പാകിസ്ഥാൻ പിൻമാറി. യോഗത്തിൽ പങ്കെടുക്കില്ലെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മെഹ്‍മൂദ് ഖുറേഷി വ്യക്തമാക്കി. വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ വിശിഷ്ടാതിഥിയായി ക്ഷണിച്ചതിൽ പ്രതിഷേധിച്ചാണ് പാകിസ്ഥാന്‍റെ തീരുമാനം. 

വെള്ളി, ശനി ദിവസങ്ങളിലാണ് അബുദാബിയിൽ ഇസ്ലാമിക രാഷ്ട്രങ്ങളിലെ അന്താരാഷ്ട്ര സമ്മേളനം നടക്കുന്നത്. ഇതിലേക്ക് ഇന്ത്യയെ വിളിച്ചതിൽ നേരത്തേ പാകിസ്ഥാൻ പ്രതിഷേധമറിയിച്ചിരുന്നു. ബലാകോട്ട് പ്രത്യാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യയെ ഒഴിവാക്കണമെന്ന് പാകിസ്ഥാൻ ആവശ്യപ്പെട്ടു. എന്നാൽ ഇത് യുഎഇ അംഗീകരിച്ചില്ല. ഈ സാഹചര്യത്തിലാണ് യോഗം തന്നെ ബഹിഷ്കരിക്കുന്നുവെന്നും സമ്മേളനത്തിൽ നിന്ന് പിൻമാറുന്നുവെന്നും പാകിസ്ഥാൻ വ്യക്തമാക്കിയത്. 

പുൽവാമ ഭീകരാക്രമണത്തിന് ബദലായി ബാലാകോട്ടിൽ ഇന്ത്യ പ്രത്യാക്രമണം നടത്തിയത് അവകാശത്തിന് മേലുള്ള കടന്നു കയറ്റമായാണ് പാകിസ്ഥാൻ ചിത്രീകരിക്കുന്നത്. എന്നാൽ നയതന്ത്രമേഖലയിൽ പാകിസ്ഥാന് കൃത്യമായ ന്യായീകരണങ്ങളില്ല. അമേരിക്കയും യുഎന്നും ഉൾപ്പടെ ഇന്ത്യക്ക് പിന്തുണയുമായി എത്തിയത് പാകിസ്ഥാന് വൻ തിരിച്ചടിയാണ്. സൈനിക നടപടി സ്വീകരിക്കരുതെന്നും അതിർത്തിയിലെ ഭീകരക്യാംപുകൾ ഒഴിപ്പിക്കണമെന്നും പാകിസ്ഥാനോട് അമേരിക്ക ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Read More: 'സൈനിക നടപടി പാടില്ല, ഭീകരവാദത്തിനെതിരെ നടപടിയെടുത്തേ മതിയാകൂ': പാകിസ്ഥാനോട് അമേരിക്ക

Follow Us:
Download App:
  • android
  • ios