Asianet News MalayalamAsianet News Malayalam

'പിക്നിക് സ്പോട്ടല്ല'; പളനി ക്ഷേത്രത്തിൽ അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന് മദ്രാസ് ഹൈക്കോടതി

അതേസമയം മുരുകനെ ആരാധിക്കുന്നത് ഹിന്ദുക്കള്‍ മാത്രമല്ലെന്ന് തമിഴ്നാട് സര്‍ക്കാര്‍ വാദിച്ചു

Palani Temple Not A Picnic Spot Cannot Allow Entry Of Non Hindus Beyond Flagpole Madras High Court SSM
Author
First Published Jan 31, 2024, 1:14 PM IST

ചെന്നൈ: പളനി ക്ഷേത്രത്തിന്‍റെ പ്രവേശന കവാടത്തിലെ കൊടിമരത്തിനിപ്പുറം അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന ബോർഡുകൾ സ്ഥാപിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. ക്ഷേത്രങ്ങൾ ഭരണഘടനയുടെ ആർട്ടിക്കിൾ 15 ന്‍റെ പരിധിയിൽ വരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, അഹിന്ദുക്കൾക്കുള്ള പ്രവേശന നിയന്ത്രണം അനുചിതമല്ലെന്ന് പറഞ്ഞു. ആചാരങ്ങളും അനുഷ്ഠാനങ്ങളും അനുസരിച്ച് ക്ഷേത്രം പരിപാലിക്കണമെന്നും മധുര ബെഞ്ചിലെ ജഡ്ജി എസ് ശ്രീമതി അധികൃതരോട് നിർദേശിച്ചു.

പളനി ഹില്‍ ടെമ്പിള്‍ ഡിവോട്ടീസ് ഓര്‍ഗനൈസേഷന്‍ നേതാവായ ഡി സെന്തിൽകുമാർ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. പളനി മലയിലേക്കുള്ള പ്രവേശന ടിക്കറ്റുമായി വിനോദസഞ്ചാരികള്‍ ക്ഷേത്രത്തില്‍ വരുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. ക്ഷേത്രങ്ങള്‍ വിനോദസഞ്ചാര കേന്ദ്രങ്ങളല്ലെന്നും ക്ഷേത്രത്തിലെ വാസ്തുവിദ്യ ഇഷ്ടപ്പെട്ട് എത്തുന്നവരാണെങ്കില്‍ പോലും കൊടിമരത്തിനിപ്പുറം പ്രവേശനം അനുവദിക്കേണ്ടെന്ന് കോടതി വ്യക്തമാക്കി. 

അതേസമയം മുരുകനെ ആരാധിക്കുന്നത് ഹിന്ദുക്കള്‍ മാത്രമല്ലെന്ന് തമിഴ്നാട് സര്‍ക്കാര്‍ വാദിച്ചു. മതേതര സർക്കാരായതിനാൽ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 പ്രകാരമുള്ള പൗരന്മാരുടെ അവകാശങ്ങൾ ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് ഭരണകൂടത്തിന്‍റെയും ക്ഷേത്രഭരണത്തിന്‍റെയും കടമയാണെന്നും വാദിച്ചു. ക്ഷേത്രത്തിന്‍റെ ശ്രീകോവിൽ മാത്രമാണ് മതപരമായ ആരാധനാ കേന്ദ്രമെന്നും ബാക്കിയുള്ള സ്ഥലങ്ങളില്‍ പ്രവേശനം നിയന്ത്രിക്കാനാവില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.

എന്നാല്‍ 1947ലെ ക്ഷേത്രപ്രവേശന നിയമം ഹൈന്ദവ സമൂഹത്തിനുള്ളിൽ ക്ഷേത്രപ്രവേശനത്തിന് നിലനിന്നിരുന്ന ഭിന്നത ഇല്ലാതാക്കാനാണ് ലക്ഷ്യമിട്ടതെന്നും അഹിന്ദുക്കളുടെ ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ടതല്ലെന്നും കോടതി നിരീക്ഷിച്ചു. ഹിന്ദുമത ആചാരങ്ങള്‍ അംഗീകരിക്കുകയും പിന്തുടരുകയും ചെയ്യുന്ന അഹിന്ദുക്കൾക്ക് പ്രവേശനം അനുവദിക്കണമെന്ന നിർദേശം കോടതിയില്‍ വന്നു. മധുര മീനാക്ഷി ക്ഷേത്രത്തിലെ പോലെ സാക്ഷ്യപത്രം സ്വീകരിച്ചശേഷം അഹിന്ദുക്കള്‍ക്ക് പളനിയില്‍ ദര്‍ശനത്തിന് അനുമതി നല്‍കാന്‍ കോടതി ഉത്തരവിട്ടു.

എല്ലാവര്‍ക്കും അവരുടെ മതത്തില്‍ വിശ്വസിക്കാനും ആചരിക്കാനും ഭരണഘടന അവകാശം നൽകുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും ക്രിസ്ത്യാനികൾക്കും മറ്റ് മതക്കാർക്കും ഇടയിൽ മതസൗഹാർദ്ദം നിലനിൽക്കുക വിവിധ മതങ്ങളിൽപ്പെട്ടവർ പരസ്പരം വിശ്വാസത്തെയും വികാരങ്ങളെയും ബഹുമാനിക്കുമ്പോൾ മാത്രമാണെന്നും കോടതി വ്യക്തമാക്കി.    

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios