കൊല്‍ക്കത്ത: രോഗിയുടെ അറ്റുപോയ വിരല്‍ ആശുപത്രി ജീവനക്കാരുടെ അനാസ്ഥ മൂലം നഷ്ടപ്പെട്ടതായി പരാതി. ഇന്ത്യ-ന്യൂസീലാന്‍ഡ് സെമി ഫൈനല്‍ കാണുന്നതില്‍ മുഴുകിയിരുന്ന ആശുപത്രി ജീവനക്കാരുടെ ശ്രദ്ധക്കുറവുകൊണ്ടാണ് വിരല്‍ കളഞ്ഞുപോയതെന്നാണ് രോഗിയുടെ  ഭാര്യയുടെ ആരോപണം. ടൈംസ് നൗവാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. 

ഹൗറയ്ക്ക് സമീപം ബുധനാഴ്ചയുണ്ടായ അപകടത്തിലാണ് നിലോത്പാല്‍ ചക്രവര്‍ത്തി എന്ന കെമിക്കല്‍ എഞ്ചിനീയറുടെ വിരല്‍ മുറിഞ്ഞുപോയത്. മുറിഞ്ഞ വിരലിന്‍റെ ഭാഗവുമായി ഇയാളെ ഉടന്‍ ആശുപത്രിയിലെത്തിച്ചിരുന്നു. ശസ്ത്രക്രിയ വ്യാഴാഴ്ച നടക്കുന്നതിനാല്‍ വിരല്‍ ആശുപത്രി ജീവനക്കാരുടെ കൈവശം സൂക്ഷിക്കാനേല്‍പ്പിച്ചു.

എന്നാല്‍ ശസ്ത്രക്രിയയ്ക്കായി എത്തിയപ്പോഴാണ് അര ഇഞ്ച് നീളമുള്ള വിരലിന്‍റെ ഭാഗം നഷ്ടപ്പെട്ട വിവരം അറിയുന്നത്. ആശുപത്രി അധികൃതര്‍ ക്രിക്കറ്റ് മത്സരം കാണുന്നതില്‍  മുഴുകിയതുകൊണ്ടാണ് വിരല്‍ നഷ്ടപ്പെട്ടതെന്ന് ചൂണ്ടിക്കാട്ടി നിലോത്പാലിന്‍റെ ഭാര്യ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ വിരല്‍ തുന്നിച്ചേര്‍ക്കാനാകത്തത് കൊണ്ട് ഉപേക്ഷിച്ചതാണെന്ന് ആദ്യം പറഞ്ഞ ആശുപത്രി അധികൃതര്‍ പിന്നീട് സംഭവം അന്വേഷിക്കുമെന്നും അറിയിച്ചു. വിശദമായ അന്വേഷണത്തിനായി ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.