ബിക്കാനീര്‍: രാജസ്ഥാനിലെ ബിക്കാനീറിലെ സെരുനാ ​ഗ്രാമത്തിൽ കൃഷിയിടത്തിൽ 23 മയിലുകളെ വിഷം തിന്ന് ചത്ത നിലയിൽ കണ്ടെത്തി. വിഷം കലർന്ന ധാന്യം കഴിച്ചത് മൂലമാണ് മയിലുകൾ കൂട്ടത്തോടെ ചത്തതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ കർഷകനായ ദിനേശ് സിം​ഗ് ചമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാർഷിക വിള സംരക്ഷിക്കുന്നതിന് വേണ്ടിയാണ് വിഷമുള്ള ധാന്യമണികൾ വിതറിയതെന്നാണ് ദിനേശിന്റെ വിശദീകരണം. തന്റെ കൃഷിയിടത്തിൽ ഇയാൾ വിത്ത് വിതച്ചിരുന്നു. പക്ഷികൾ വന്ന് വിള തിന്നാതിരിക്കാനാണ് കൃഷിയിടത്തിന് ചുറ്റും വിഷം പുരട്ടിയ ധാന്യമണികൾ വിതറിയതെന്ന് ഫോറസ്റ്റ് അസിസ്റ്റന്റ് സബ് കൺസർവേറ്റർ ഇഖ്ബാൽ സിം​ഗ് പറഞ്ഞു. 

തിങ്കളാഴ്ചയാണ് കൃഷിയിടത്തിൽ മയിൽപ്പീലികൾ ചിതറിക്കിടക്കുന്നത് കർഷകർ കണ്ടത്. പിന്നീട് നടന്ന അന്വേഷണത്തിലാണ് 23 ഓളം ആൺമയിലുകളുടെ ശവശരീരങ്ങൾ കിടക്കുന്നതായി ശ്രദ്ധയിൽ പെട്ടതെന്ന് കർഷകർ വിശദീകരിക്കുന്നു. കൃഷിടത്തിന് സമീപം പ്രാവുകളും എലികളും ചത്തുകിടന്നിരുന്നു. ​ഗ്രാമീണരാണ് ഫോറസ്റ്റ് അധികൃതരെ വിവരമറിയിച്ചത്. മയിലുകളുടെ മൃതശരീരം പോസ്റ്റ്മോർട്ടം നടത്തിയതിനെ തുടർന്ന് വിഷം കഴിച്ചതാണ് മരണകാരണമെന്ന് വ്യക്തമായി. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് ദിനേശിനെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു. കൃഷിയിടങ്ങൾ വിളവെടുക്കാൻ സമയമാകുമ്പോൾ പക്ഷികൾ ഭക്ഷണം തേടി ഇവിടെയെത്താറുണ്ട്. ആ സമയത്ത് കർഷകർ കൃഷിസ്ഥലങ്ങളിൽ കീടനാശിനികൾ ഉപയോ​ഗിക്കുമോ എന്ന കാര്യവും അന്വേഷണ വിധേയമാക്കും.