ബംഗളൂരു: ഇനി മൂന്നു ദിവസം ബംഗളൂരു ബസവനഗുഡിയിലെ എല്ലാ റോഡുകളും നീളുന്നത് ദൊഡ്ഡ ഗണേശ ക്ഷേത്രത്തിനു സമീപത്തു നടക്കുന്ന കടലെക്കായ് പരിഷെ അഥവാ നിലക്കടല മേളയിലേക്കായിരിക്കും. കര്‍ഷകര്‍ ഒരു വര്‍ഷമായി കാത്തിരിക്കുന്ന മൂന്നു ദിവസത്തെ നിലക്കടല മേള നാളെ സമാപിക്കും. പഴയ കാലത്തിന്റെ ഓര്‍മ്മ പുതുക്കലാണ് കര്‍ഷകര്‍ക്ക് നിലക്കടല മേള. നഗരം മാറി കാര്‍ഷിക വൃത്തി കുറഞ്ഞ് കടലപ്പാടങ്ങള്‍ അപ്രത്യക്ഷമായെങ്കിലും കര്‍ഷകര്‍ മുറ തെറ്റാതെ ഇപ്പോഴും മേള സംഘടിപ്പിക്കുന്നു. 27 ന് അവസാനിക്കുന്ന മേളയിലേക്ക് രാവിലെ 9 മുതല്‍ രാത്രി 9 വരെയാണ് പ്രവേശനം. 

ആയിരത്തോളം സ്്റ്റാളുകളാണ് ഇത്തവണ മേളയിലൊരുക്കിയിട്ടുള്ളത്. അഗായ്, നാട്ടി, ബാദാമി തുടങ്ങി പല വിഭാഗങ്ങളിലും വലിപ്പത്തിലും പേരുകളിലുമുള്ള നിലക്കടലകള്‍ ഇവിടെ കാണാം. നിലക്കടല വിഭവങ്ങള്‍ക്ക് പല പേരുകളാണ്. മൈലുകള്‍ക്കപ്പുറത്തു നിന്നു തന്നെ മേളയിലെ നിലക്കടല വിഭവങ്ങളുടെ ഗന്ധമടിക്കാന്‍ തുടങ്ങും. ഉപ്പിട്ടത്, ശര്‍ക്കരയും തേനും പൊതിഞ്ഞത്, മസാല തൂവിയത് തുടങ്ങി വൈവിധ്യമുളള വിഭവങ്ങളാണ് മേളയുടെ പ്രത്യേകത. ഇവയുടെ വിലയും വ്യത്യസ്തമായിരിക്കും. 25 രൂപമുതല്‍ നിലക്കടല വിഭവങ്ങള്‍ സ്റ്റാളുകളില്‍ ലഭ്യമാണ്. ഇവയ്ക്കു പുറമേ കളിപ്പാട്ടങ്ങള്‍, പലഹാരങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങിയവയ്ക്കും സ്റ്റാളുകളുണ്ട്. 

കര്‍ണാടകയ്ക്കു പുറമേ തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളില്‍ നിന്നുളള നിലക്കടല കര്‍ഷകരും മേളയിലെത്താറുണ്ട്. 
സ്ത്രീകളുടെ വന്‍  പങ്കാളിത്തമാണ് മേളയുടെ മറ്റൊരു പ്രത്യേകത. വില്‍പ്പനയ്ക്ക് സ്ത്രീകളാണ് പുരുഷന്‍മാരേക്കാള്‍ മുമ്പില്‍. മേള സംഘടിപ്പിക്കുന്നത് വാരാന്ത്യങ്ങളിലല്ലെങ്കിലും ആളുകളുടെ പങ്കാളിത്തത്തിന് കുറവു വരാറില്ല. കര്‍ഷകരില്‍ നിന്ന് നേരിട്ട് നിലക്കടല വാങ്ങിപ്പോകാമെന്നു കരുതിയെത്തുന്നവരും കടല വിഭവങ്ങള്‍ കഴിക്കാനെത്തുന്നവരുമുണ്ട്. കാര്‍ത്തിക മാസത്തിന്റെ തുടക്കത്തില്‍ നഗരത്തിലെ മല്ലേശ്വരത്ത് നടക്കാറുള്ള നിലക്കടല മേളയിലും നിരവധി പേരെത്തിയിരുന്നു. 700 ഓളം സ്റ്റാളുകളായിരുന്നു ഇത്തവണ അവിടെ ഒരുക്കിയത്. ബസവന ഗുഡിയിലെ മേളയില്‍ ചിക്ക പരിഷേയും (ചെറിയ മേള), ദൊഡ്ഡ പരിഷേയുമുണ്ട്  (വലിയ മേള). ചെറിയ മേള വലിയ മേളയ്ക്ക് ഒരാഴ്ച്ച മുന്‍പാണ് നടക്കുക. 

കാലങ്ങളായി കാര്‍ത്തിക മാസത്തിലെ ഒടുവിലത്തെ തിങ്കളാഴ്ചയാണ് നിലക്കടല മേള സംഘടിപ്പിക്കാറുളളത്. ഏകദേശം 500 വര്‍ഷം മുന്‍പാണ് മേളയുടെ തുടക്കമെന്നു പറയപ്പെടുന്നു. ഇതിനോടു ബന്ധപ്പെട്ട് രസകരമായ ഒരു ഐതിഹ്യവുമുണ്ട്. പണ്ടു കാലത്ത് ഇന്നത്തെ ബസവനഗുഡിയ്ക്കു ചുറ്റിലുമുണ്ടായിരുന്ന മാവള്ളി, ദാസറഹള്ളി, ഗുട്ടഹള്ളി തുടങ്ങിയ ഗ്രാമങ്ങളില്‍ വ്യാപകമായി നിലക്കടല കൃഷി ചെയ്തിരുന്നു. എല്ലാ പൗര്‍ണ്ണമി ദിവസവും എവിടെനിന്നോ എത്തുന്ന ഒരു കാള കൃഷി മുഴുവന്‍ നശിപ്പിച്ചു പോകുന്നത് പതിവായി. കര്‍ഷകര്‍ നന്ദി ഭഗവാനോട്് (ബസവ) കാള കൃഷി നശിപ്പിക്കുന്നത് തടയണമെന്നും വര്‍ഷത്തിലെ ആദ്യത്തെ വിളവ് സമര്‍പ്പിക്കാമെന്നും പ്രാര്‍ത്ഥിച്ചു. അടുത്ത ദിവസം നിലക്കടല പാടങ്ങള്‍ക്ക് സമീപത്ത് നിന്ന്് വലിയ ഒരു നന്ദി പ്രതിമ കര്‍ഷകര്‍ കണ്ടെടുത്തുവെന്നും പ്രതിമ അതിവേഗത്തില്‍ വളരാന്‍ തുടങ്ങിയെന്നുമാണ് ഐതിഹ്യം. മേള തീരുന്ന ദിവസം അര്‍ദ്ധ രാത്രി കാളയുടെ രൂപത്തില്‍ വരുന്ന നന്ദി ഭക്തര്‍ സമര്‍പ്പിക്കുന്ന നിലക്കടലകളെല്ലാം സ്വീകരിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. പിന്നീട് 1537 ല്‍ ബംഗളൂരു നഗരത്തിന്റെ ശില്പി ആയി അറിയപ്പെടുന്ന കെംപഗൗഡ ബസവന്‍ഗുഡിയിലെ മലമുകളില്‍  ഈ നന്ദിപ്രതിമയക്കായി ക്ഷേത്രം പണിതു നല്‍കി. മേളയ്ക്കു പുറമേ ബുള്‍ ടെംപിള്‍ എന്നറിയപ്പെടുന്ന പ്രസ്തുത ക്ഷേത്രത്തിലും കര്‍ഷകര്‍ ഈ ദിവസങ്ങളില്‍ നിലക്കടല സമര്‍പ്പിക്കും.