Asianet News MalayalamAsianet News Malayalam

ഉപയോഗിക്കുന്നുണ്ടോ ഇല്ലയോ എന്ന് പറയുന്നതിൽ എന്ത് സുരക്ഷാ ഭീഷണി? പെ​ഗാസസിൽ കേന്ദ്രത്തോട് സുപ്രീംകോടതി

കേന്ദ്രസർക്കാർ പെഗാസസ് വാങ്ങിയോ ഉപയോഗിക്കുന്നുണ്ടോ എന്ന് സത്യവാങ്മൂലത്തിൽ ഇല്ല. ഇക്കാര്യം പറഞ്ഞുകൂടേ എന്നാണ് കോടതി ചോദിച്ചത്. മറ്റൊരു സത്യവാങ്മൂലം നൽകാൻ സർക്കാർ ശ്രമിക്കുമോ എന്നും കോടതി ചോദിച്ചു. 

pegasus case in supreme court
Author
Delhi, First Published Aug 16, 2021, 1:28 PM IST

ദില്ലി: പെ​ഗാസസ് ഫോൺ ചോർത്തൽ വിഷയത്തിൽ കേന്ദ്രസർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ പറയാനുള്ള കാര്യങ്ങൾ വ്യക്തമായി പറഞ്ഞിട്ടില്ലെന്ന് സുപ്രീംകോടതി. കോടതിക്ക് കൃത്യമായ വിവരങ്ങൾ വേണം. കേന്ദ്രം നൽകിയ സത്യവാങ്മൂലം അംഗീകരിക്കാനാകില്ല എന്നാണ് ഹർജിക്കാർ വാദിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ദേശീയ സുരക്ഷയെ ബാധിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ പോകാനാകില്ല എന്നാണ് ഇതിനു മറുപടിയായി കേന്ദ്രസർക്കാർ അറിയിച്ചിരിക്കുന്നത്.

കേന്ദ്രസർക്കാർ പെഗാസസ് വാങ്ങിയോ ഉപയോഗിക്കുന്നുണ്ടോ എന്ന് സത്യവാങ്മൂലത്തിൽ ഇല്ല. ഇക്കാര്യം പറഞ്ഞുകൂടേ എന്നാണ് കോടതി ചോദിച്ചത്. മറ്റൊരു സത്യവാങ്മൂലം നൽകാൻ സർക്കാർ ശ്രമിക്കുമോ എന്നും കോടതി ചോദിച്ചു. പാർലമെന്റിൽ വളരെ വ്യക്തമായ മറുപടി നൽകിയിട്ടുണ്ടെന്നായിരുന്നു സർക്കാരിന് വേണ്ടി തുഷാർമേത്തയുടെ മറുപടി. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളും ഇവിടെ ഉണ്ട്. ദേശീയ സുരക്ഷ കണക്കിലെടുക്കണം എന്നും അദ്ദേഹം പറഞ്ഞു.

പെഗാസസ് വിഷയത്തിൽ കൃത്യമായ വിവരങ്ങൾ പാർലമെന്റിനെ അറിയിച്ചതാണ്. ചില തല്പരകക്ഷികൾ ബോധപൂർവ്വം നടത്തുന്ന തെറ്റായ പ്രചരണമാണ് ഇത്. തെറ്റിദ്ധാരണ നീക്കാൻ ഒരു വിദഗ്ധ സമിതിക്ക് രൂപം നൽകാം. സർക്കാരിന് ഒന്നും മറച്ചുവെക്കാനില്ല. എല്ലാ ആരോപണങ്ങളും തള്ളുകയാണ്. ഇത് സാങ്കേതിക വിഷയമാണ്. സാങ്കേതിക വിദഗ്ധർ പരിശോധിച്ച് അതിന്റെ റിപ്പോർട് കോടതിയിൽ നൽകാമെന്നും കേന്ദ്രം അറിയിച്ചു. 

പെഗാസസ് വാങ്ങിയോ എന്ന് സർക്കാർ പറയണം എന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ കപിൽ സിബൽ പറഞ്ഞു. സർക്കാർ കമ്മിറ്റി വേണ്ടെന്നും സിബൽ അഭിപ്രായപ്പെട്ടു. ജനാധിപത്യത്തിലെ പ്രധാനപ്പെട്ട തൂണുകളായ മാധ്യമങ്ങളെും ജുഡീഷ്യറിയെയും നിരീക്ഷിച്ചു എന്നത് ഗൗരവമായ വിഷയമാണ്.  ഇക്കാര്യത്തിൽ അശങ്കയുണ്ട്. കേന്ദ്ര സർക്കാരിന് ഇതേകുറിച്ച് അറിയാമായിരുന്നു. രാജ്യത്തെ 199 ഉപയോക്താക്കളുടെ വാട്സാപ്പിൽ സ്പൈവെയർ കയറിയെന്ന് സർക്കാരിന് അറിയാമായിരുന്നു. ഇക്കാര്യത്തിൽ ഇസ്രായേലുമായി സർക്കാർ ചർച്ച നടത്തിയോ എന്ന് വ്യക്തമാക്കണം. ഈകേസിൽ ആഭ്യന്തര സെക്രട്ടറിയാണ് സത്യവാങ്മൂലം നൽകേണ്ടിയിരുന്നത്. ഇപ്പോൾ സത്യവാങ്മൂലം നൽകിയിരിക്കുന്നത് ഐ ടി മന്ത്രാലയം സെക്രട്ടറിയാണ്.  പെഗാസസ് ഒരു വ്യക്തിയുടെ പ്രശ്നമല്ല. ക്യാബിനറ്റ് സെക്രട്ടറിയോട് സത്യവാങ്മൂലം ആവശ്യപ്പെടണമെന്നും കപിൽ സിബൽ പറഞ്ഞു.

പെഗാസസിൽ സിബിഐയുടേയോ, എൻ ഐ എയുടേ നേതൃത്വം ആവശ്യപ്പെട്ട് മുൻ  ആർഎസ്എസ് സൈദ്ധാന്തികൻ കെ എൻ ഗോവിന്ദാചാര്യയും സുപ്രീംകോടതിയിൽ ഹാജരായി.  സർക്കാർ പാർലമെന്റിൽ വെച്ച പ്രസ്താവന വ്യക്തതയില്ലെന്ന് ഹർജിക്കാർക്ക് വേണ്ടി രാകേഷ് ദ്വിവേദി വാദിച്ചു. പെഗാസസ് വാങ്ങിയോ, ഉപയോഗിക്കുന്നുണ്ടോ എന്ന് സർക്കാർ വ്യക്തമാക്കിയിട്ടില്ല എന്ന് ജോൺ ബ്രിട്ടാസിന് വേണ്ടി ഹാജരായ മീനാക്ഷി അറോറ പറഞ്ഞു. 

സമിതി രീപീകരിച്ച് വ്യക്തത വരുത്താമെന്ന് കേന്ദ്രം ആവർത്തിച്ചു. പെഗാസസ് ഉപയോഗിക്കുന്നില്ല എന്ന് സർക്കാർ പറഞ്ഞാൽ വിഷയം അവിടെ തീർന്നു എന്ന് കപിൽ സിബൽ പറഞ്ഞു. പിന്നെ ആര് ഉപയോഗിക്കുന്നു എന്നതേ ചോദ്യമുള്ളു എന്നും അദ്ദേഹം പറഞ്ഞു.പെ​ഗാസസ് ഉപയോഗിക്കുന്നുണ്ടോ ഇല്ലയോ എന്ന് പറയുന്നതിൽ എന്ത് സുരക്ഷാ ഭീഷണിയാണെന്ന് കോടതി ചോദിച്ചു. ഇനി സത്യവാങ്മൂലം നൽകാനില്ലെന്ന് കേന്ദ്രം പറഞ്ഞാൽ കോടതിക്ക് എങ്ങനെ നിർബന്ധിക്കാനാകും എന്നും കോടതി കപിൽ സിബലിനോട് ചോദിച്ചു. കേന്ദ്രം പുതിയ സത്യവാങ്മൂലം നൽകുമോ ഇല്ലയോ എന്നത് മാത്രമാണ് വിഷയമെന്നും കോടതി പറഞ്ഞു. കേസ് നാളത്തേക്ക് മാറ്റി. 

 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 


 

Follow Us:
Download App:
  • android
  • ios