ഇസ്രയേൽ കമ്പനിയായ എൻഎസ്ഒ വികസിപ്പിച്ച പ്രത്യേക ചാര സോഫ്റ്റ് വെയറാണ് പെഗാസസ്. ഹാക്ക് ചെയുന്ന ഡിവൈസുകളിൽ ഒരു തരത്തിലും സാന്നിധ്യം അറിയിക്കില്ല എന്നതും ഇരയാക്കപ്പെടുന്ന ആൾക്ക് ഹാക്ക് ചെയ്തതിന്റെ സൂചനകൾ ഒന്നും ലഭിക്കില്ല എന്നതുമാണ് പെഗാസസിൻ്റെ ഏറ്റവും വലിയ പ്രത്യേകത.


ദില്ലി: ഇസ്രയേൽ കമ്പനി വികസിപ്പിച്ചെടുത്ത ചാര സോഫ്റ്റ് വെയർ ഉപയോഗിച്ച് രാജ്യത്തെ പ്രമുഖ വ്യക്തികളുടെ ഫോണുകൾ ചോർത്തിയെന്ന് റിപ്പോർട്ട്. പെഗാസസ് എന്ന ഇസ്രയേൽ സോഫ്റ്റ് വെയർ ഉപയോഗിച്ച് ഇന്ത്യയിലെ വിവിധ തലങ്ങളിലുള്ള ഭരണ,രാഷ്ട്രീയ നേതാക്കളുടെ ഉദ്യോഗസ്ഥരുടെ, മാധ്യമപ്രവർത്തകരുടെ ഫോണുകൾ ചോർത്തുന്നുവെന്നും ഇതേക്കുറിച്ച് മാധ്യമങ്ങൾ ഉടൻ പുറത്തു വിടുമെന്ന് കരുതുന്നതായും ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.ഇതിനു പിന്നാലെയാണ് ഇതേക്കുറിച്ചുള്ള വാർത്തകൾ പുറത്തു വരുന്നത്. ഇതേക്കുറിച്ചുള്ള വിശദവിവരങ്ങൾ ദ വൈർ, വാഷിംഗ്ടൺ പോസ്റ്റ്, ​ഗാർഡിയൻ എന്നീ വെബ്സൈറ്റുകൾ രാത്രി ഒൻപതരയോടെ പുറത്തു വിട്ടു. 

മോദി സർക്കാരിലെ നിലവിലുള്ള രണ്ട് മന്ത്രിമാരുടെ ഫോണുകളും മൂന്ന് പ്രതിപക്ഷ നേതാക്കളുടെ ഫോണുകളും ഒരു സുപ്രീംകോടതി ജഡ്ജിയുടെ ഫോണും നാൽപ്പത്തിലേറെ മാധ്യമപ്രവർത്തകരുടെ ഫോണുകളും ചില വ്യവസായികളുടെ ഫോണുകളും ചോർത്തിയതായാണ് പുറത്തു വരുന്ന വിവരം. ഹിന്ദുസ്ഥാൻ ടൈംസ്, ദ ഹിന്ദു, നെറ്റ് വർക്ക് 18 എന്നീ സ്ഥാപനങ്ങളിലെ മാധ്യമപ്രവർത്തകരുടെ ഫോണുകളും ചോർത്തപ്പെട്ടിട്ടുണ്ട്.

വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന 16 മാധ്യമസ്ഥാപനങ്ങൾ ചേർന്നു നടത്തിയ അന്വേഷണത്തിലൂടെയാണ് പെ​ഗാസസ് ചോർച്ചയുടെ വിവരങ്ങൾ പുറത്തു വന്നത്. ഐഫോൺ , ആൻഡ്രോയിഡ് ഫോണുകളിൽ പെഗാസസ് മാൽവയർ ഉപയോഗിച്ച് മെസേജുകൾ, ഫോട്ടോ , ഇമെയിൽ, ഫോൺകോളുകൾ എന്നിവ ചോർത്തി എന്നാണ് വിവരം. പെ​ഗാസസ് ചോർച്ചയുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്ന് അന്വേഷണം നടത്തിയ മാധ്യമസ്ഥാപനങ്ങൾ അറിയിക്കുന്നു. ഇന്ത്യ അടക്കമുള്ള പത്ത് രാജ്യങ്ങളിലെ ഫോണുകളാണ് ചോർത്തിയത് എന്നാണ് നിലവിൽ പുറത്തു വരുന്ന വിവരം. പല രാജ്യങ്ങളിലും ഭരണകൂടങ്ങൾ തന്നെ ഇസ്രയേൽ ചാര സോഫ്റ്റ് വെയർ വിലയ്ക്ക് വാങ്ങി തങ്ങൾക്കെതിരെ പ്രവർത്തിക്കുന്നതായി സംശയിക്കുന്നവരുടെ ഫോൺ ചോർത്തി എന്നാണ് മാധ്യമകൂട്ടായ്മ വ്യക്തമാക്കുന്നത്. രാഷ്ട്രീയക്കാർ,മാധ്യമപ്രവർത്തകർ, ആക്ടിവിസ്റ്റുകൾ എന്നിവരുടെ ഫോണുകളാണ് വ്യാപകമായി ചോർത്തപ്പെട്ടത്. 

2019ലാണ് പെഗാസസ് സോഫ്റ്റ് വെയർ ആഗോളതലത്തിൽ ചർച്ചയാവുന്നത്. 20 രാജ്യങ്ങളിൽ നിന്നുള്ള 1400 പേരുടെ വിവരങ്ങളാണ് അന്ന് ചോർന്നത്. ചാര ഗ്രൂപ്പിനെതിരെ നടപടിയാവശ്യപ്പെട്ട് വാട്ട്സ്ആപ്പ് യുഎസ് ഫെഡറൽ കോടതിയെ സമീപിച്ചതോടെയാണ് വിവരം ചോർത്തൽ അന്ന് ശരിക്കും പുറത്തുവന്നത്. അന്ന് സംഭവം വിവാദമായതിന് പിന്നാലെ പെഗാസസ് ആക്രമണത്തിൽ ഇന്ത്യക്കാരുടെ ഫോണുകളും ചോർത്തപ്പെട്ടുവെന്ന് വെളിപ്പെടുത്തലുമായി ചില വാർത്തകൾ വന്നു.

പിന്നാലെ വാട്സാപ്പിനോട് കേന്ദ്രസർക്കാർ വിശദീകരണം തേടി. തുടർന്ന് 2019 നവംബറിൽ മറുപടി നൽകിയ വാട്ട്സ്ആപ്പ്, വിവരങ്ങൾ ചോർന്നതിൽ കേന്ദ്ര സർക്കാരിനോട് ഖേദം പ്രകടിപ്പിച്ചു. സുരക്ഷ കാര്യങ്ങളിൽ കടുത്ത നടപടി സ്വീകരിക്കുമെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതെയിരിക്കാൻ നടപടി സ്വീകരിക്കുമെന്നും വാട്സാപ്പ് വിശദീകരണം നൽകി. എന്നാൽ വിഷയത്തിൽ കേന്ദ്രസർക്കാറിനെ കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാക്കൾ അന്ന് രംഗത്ത് എത്തിയത് വാർത്തയായിരുന്നു. 

ഇസ്രയേൽ കമ്പനിയായ എൻഎസ്ഒ വികസിപ്പിച്ച പ്രത്യേക ചാര സോഫ്റ്റ് വെയറാണ് പെഗാസസ്. ഹാക്ക് ചെയുന്ന ഡിവൈസുകളിൽ ഒരു തരത്തിലും സാന്നിധ്യം അറിയിക്കില്ല എന്നതും ഇരയാക്കപ്പെടുന്ന ആൾക്ക് ഹാക്ക് ചെയ്തതിന്റെ സൂചനകൾ ഒന്നും ലഭിക്കില്ല എന്നതുമാണ് പെഗാസസിൻ്റെ ഏറ്റവും വലിയ പ്രത്യേകത. ഇങ്ങനെ ഒരു സോഫ്റ്റ് വെയറുണ്ടെന്ന് ഇസ്രയേൽ കമ്പനിയായ എൻഎസ്ഒ സ്ഥിരീകരിച്ചിട്ടുണ്ട്. തങ്ങൾ ഈ സോഫ്റ്റ് വെയർ വിൽക്കുന്നത് സർക്കാരുകൾക്ക് മാത്രമാണ് എന്നാണ് കമ്പനിയുടെ വിശദീകരണം.

ഫേസ്ബുക്കും വാട്സാപ്പും ആപ്പിളുമെല്ലാം പെഗാസസ് ആക്രമണത്തിനിരയായിട്ടുണ്ട്. ടാർഗറ്റ് ചെയ്യപെടുന്ന ഫോണിന്റെ / ഡിവൈസിന്റെ എല്ലാ പ്രവർത്തനവും പെഗാസസ് ചോർത്തും, ഫോണ് വിളികളും മെസ്സേജുകളും ഫയലുകളും, ബ്രൗസിംഗ് ഡാറ്റയും വരെ ചോർത്താൻ കെല്പുണ്ട് എന്നാണ് റിപ്പോർട്ടുകൾ. പെഗാസ് നുഴഞ്ഞു കയറാനുള്ള സാങ്കേതിക പിഴവുകൾ പരിഹരിച്ചിട്ടുണ്ടെന്നാണ് ആപ്പിളും വാട്സാപ്പും അവകാശപ്പെടുന്നത്. എന്നാൽ സമീപകാലം വരെയും ചോര്ച്ച നടന്നുവെന്നാണ് ഇന്ന് പുറത്തു വരുന്ന റിപ്പോർട്ടുകളിൽ വ്യക്തമാവുന്നത്. 

2019 ലെ പെഗാസസിൻറെ വാട്ട്സ്ആപ്പ് ആക്രമണത്തിൻറെ ഇരകളിൽ ഭൂരിപക്ഷവും സൈനികരും സർക്കാർ ഉദ്യോഗസ്ഥരായിരുന്നു എന്നാണ് വിവരം. 20 രാജ്യങ്ങളിലെ സൈനികരുടെയും ഉദ്യോഗസ്ഥരുടെയും വിവരങ്ങൾ ചോർത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അമേരിക്കയുമായി അടുപ്പമുള്ള രാജ്യങ്ങളിലെ ഉദ്യോഗസ്ഥരുടെയും സൈനികരുടെയും വാട്സാപ്പ് വിവരങ്ങളാണ് ചോർത്തിയിരിക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona