ജമ്മു കശ്മീർ: ഇന്ത്യൻ വ്യോമസേനയുടെ ആക്രമണത്തിൽ തകർന്ന പാകിസ്ഥാന്‍ യുദ്ധവിമാനത്തിന്‍റെ ചിത്രം പുറത്ത്. പാകിസ്ഥാൻ അധീന കശ്മീരിൽ നിന്നുമാണ് ചിത്രം പുറത്തുവന്നത്. പാകിസ്ഥാന്‍ സൈന്യത്തിലെ 7 നോർത്തേൺ ലൈറ്റ് ഇൻഫന്‍ററിയുടെ കമാൻഡിംഗ് ഓഫീസർ തകർന്നുവീണ വിമാനത്തിന്‍റെ നാശാവശിഷ്ടങ്ങൾ പരിശോധിക്കുന്നതാണ് ചിത്രം.

ഇത് പാകിസ്ഥാന്‍റെ എഫ് 16 യുദ്ധവിമാനത്തിന്‍റെ അവശിഷ്ടങ്ങളാണെന്ന്  വാർത്താ ഏജൻസിയായ എഎൻഐ ആണ് റിപ്പോർട്ട് ചെയ്തത്. പാകിസ്ഥാൻ സൈന്യമാണ് ഈ ചിത്രം ആദ്യം പുറത്തുവിട്ടത്. ഇന്ത്യയുടെ മിഗ് 21 യുദ്ധവിമാനത്തിന്‍റെ അവശിഷ്ടങ്ങളാണ് ഇതെന്ന പാകിസ്ഥാനിലെ മൂഹമാധ്യമ പ്രചാരണങ്ങൾ ഇന്ത്യൻ വ്യോമസേന തള്ളി. പാകിസ്ഥാന്‍റെ എഫ്16 യുദ്ധവിമാനത്തിന്‍റെ അവശിഷ്ടങ്ങൾ തന്നെയാണ് ചിത്രത്തിലേതെന്ന് ഇന്ത്യൻ വ്യോമസേന സ്ഥിരീകരിച്ചതായും എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

കണ്ടെടുത്തത് പാകിസ്ഥാന്‍റെ എഫ് 16 വിമാനത്തിന്‍റെ അവശിഷ്ടം തന്നെയാണെന്നതിന് തെളിവായി എഫ് 16ന്‍റെ എൻജിന്‍റെ രേഖാചിത്രവും എഎൻഐ പുറത്തുവിട്ടു. ചിത്രത്തിലെ വിമാന അവശിഷ്ടത്തിന് രേഖാചിത്രത്തിലെ ഭാഗങ്ങളുമായി സാമ്യമുണ്ട്.

ഇന്ത്യയുടെ ആക്രമണത്തിൽ തകർന്ന പാകിസ്ഥാൻ യുദ്ധവിമാനത്തിന്‍റെ അവശിഷ്ടങ്ങളുടെ ചിത്രം ഇതാദ്യമായാണ് പുറത്തുവരുന്നത്. ഇന്നലെ മൂന്ന് പാക് യുദ്ധവിമാനങ്ങളാണ് ഇന്ത്യൻ അതിർത്തി കടന്ന് സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാനായി പറന്നെത്തിയത്. അതിർത്തിയ്ക്ക് മൂന്ന് കിലോമീറ്റർ ഇപ്പുറത്തേക്ക് എത്തിയ പോ‍ർവിമാനങ്ങളിലൊന്ന് ഇന്ത്യയുടെ മിഗ് 21 പോർവിമാനങ്ങളുടെ പ്രത്യാക്രമണത്തിൽ തകർന്നുവീഴുകയായിരുന്നു. ഇന്ത്യൻ ആക്രമണം പ്രതിരോധിക്കാനാകാതെ മറ്റ് രണ്ട് എഫ്16 വിമാനങ്ങളും തിരികെ പറക്കുകയായിരുന്നു.

അതിർത്തിരേഖയ്ക്ക് അപ്പുറത്താണ് പാക് വിമാനം തകർന്ന് വീണത്. വിമാനം തകർന്ന് വീണതിന് പിന്നാലെ പാകിസ്ഥാനി പൈലറ്റ് പാരച്യൂട്ടിൽ പറന്നിറങ്ങുന്നത് കണ്ടതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ പൈലറ്റിന് പിന്നീടെന്ത് സംഭവിച്ചു എന്ന കാര്യത്തിൽ വ്യക്തതയില്ല.