ദില്ലി: കൊവിഡ് ചികിത്സാ മാർ​ഗരേ​ഖയിൽ നിന്ന് പ്ലാസ്മ തെറാപ്പി ഒഴിവാക്കി. ഐസിഎംആ‍ർ ആണ് മാർ​ഗരേഖ പുതുക്കിയത്. പ്ലാസ്മ തെറാപ്പി ഫലപ്രദമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഒഴിവാക്കിയത്. കൊവിഡ് ഭേദമായ ആളുകളുടെ രക്തത്തില്‍ നിന്ന് പ്ലാസ്മ വേര്‍തിരിച്ചെടുത്ത് അതിലടങ്ങിയിരിക്കുന്ന 'ആന്റിബോഡി' രോഗികളിലേക്ക് പകര്‍ത്തിനല്‍കുന്ന രീതിയാണ് 'പ്ലാസ്മ തെറാപ്പി'. 

രോഗം പിടിപെടുമ്പോള്‍ അതിനോട് പോരാടാന്‍ ശരീരം തന്നെ സ്വയം നിര്‍മ്മിക്കുന്ന ആന്റിബോഡിയാണ് രോഗം ഭേദമായവരുടെ രക്തത്തില്‍ നിന്ന് എടുക്കുന്നത്. ഇത് രോഗിയായ ആളുകള്‍ക്ക് രോഗത്തെ ചെറുക്കാന്‍ സഹായകമാകുമെന്ന തരത്തിലാണ് ഉപയോഗിച്ച് പോന്നിരുന്നത്. 

എന്നാല്‍ നേരത്തേതന്നെ ലോകാരോഗ്യ സംഘടന  ഈ ചികിത്സാരീതിയില്‍ ആശങ്ക പ്രകടപിച്ചിരുന്നു. കൊവിഡ് ചികിത്സയ്ക്കായി ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങള്‍ 'പ്ലാസ്മ തെറാപ്പി' വ്യാപകമായി അവലംബിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയുടെ നിര്‍ണായകമായ ഇടപെടല്‍ നടത്തിയിരുന്നത്. കേരളം ഉള്‍പ്പെടെ രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും 'പ്ലാസ്മ തെറാപ്പി' നടക്കുന്നുണ്ട്.