പി.എം കെയർസ് ഫണ്ടിന്റെ ആകെ നീക്കിയിരിപ്പ് 8,452.95 കോടി രൂപയായി ഉയർന്നതായി കേന്ദ്ര സർക്കാർ പുറത്തുവിട്ട ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു. സ്ഥിര നിക്ഷേപങ്ങളിൽ നിന്നുള്ള പലിശയാണ് പ്രധാന വരുമാന സ്രോതസ്സ്, അതേസമയം ആഭ്യന്തര, വിദേശ സംഭാവനകൾ ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷം ഫണ്ടിൽ നിന്നുള്ള ചെലവ് 87.85 ലക്ഷം രൂപ മാത്രമായിരുന്നു.

ദില്ലി: കോവിഡ് മഹാമാരി പോലെയുള്ള അടിയന്തര സാഹചര്യങ്ങൾ നേരിടാൻ രൂപീകരിച്ച പി.എം കെയർസ് ഫണ്ടിന്റെ സാമ്പത്തിക വിവരങ്ങളും ഓഡിറ്റ് റിപ്പോർട്ടും കേന്ദ്ര സർക്കാർ പരസ്യപ്പെടുത്തി. റിപ്പോർട്ട് പ്രകാരം ഫണ്ടിന്റെ ആകെ നീക്കിയിരിപ്പ് 8,452.95 കോടി രൂപയായി ഉയർന്നു. 2023-24 സാമ്പത്തിക വർഷത്തിൽ ഇത് 7,188.63 കോടി രൂപയായിരുന്നു. 7,846.65 കോടി (ആകെ ഫണ്ടിന്റെ 93%) സ്ഥിര നിക്ഷേപമാണ്. രാജ്യത്തിനകത്തുനിന്നുള്ള സംഭാവന 479.05 കോടിയാണ്. 9.28 ലക്ഷം വിദേശ സംഭാവന. മുൻ വർഷം 15.60 കോടി രൂപ ചെലവാക്കിയെങ്കിൽ ഇക്കഴിഞ്ഞ വർഷം 87.85 ലക്ഷം മാത്രമാണ് ചെലവഴിച്ചത്.

ഫണ്ടിലെ തുകയുടെ ഭൂരിഭാഗവും ബാങ്ക് സ്ഥിര നിക്ഷേപങ്ങളിലായാണ് സൂക്ഷിച്ചിരിക്കുന്നത്. ആകെ തുകയുടെ 93 ശതമാനത്തോളം വരുന്ന 7,846.65 കോടി രൂപയും എഫ്.ഡിയിലാണ്. കഴിഞ്ഞ സാമ്പത്തിക വർഷം ഈ സ്ഥിര നിക്ഷേപങ്ങളിൽ നിന്ന് ലഭിച്ച 469.38 കോടി രൂപയുടെ പലിശയാണ് ഫണ്ടിന്റെ ഏറ്റവും വലിയ വരുമാന സ്രോതസ്സായി മാറിയത്. വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ലഭിക്കുന്ന സംഭാവനകളിൽ വലിയ കുറവുണ്ടായിട്ടുണ്ട്. ആഭ്യന്തര സംഭാവന മുൻ വർഷത്തെ 681.81 കോടി രൂപയിൽ നിന്ന് 479.05 കോടിയായി കുറഞ്ഞു. വിദേശ സംഭാവനകൾ 11.35 ലക്ഷം രൂപയിൽ നിന്ന് 9.28 ലക്ഷം രൂപയായും ഇടിഞ്ഞു.

കഴിഞ്ഞ സാമ്പത്തിക വർഷം ഫണ്ടിൽ നിന്നുള്ള ആകെ ചെലവ് വളരെ കുറവായിരുന്നു. 87.85 ലക്ഷം രൂപ മാത്രമാണ് വിവിധ ആവശ്യങ്ങൾക്കായി ചെലവഴിച്ചത്. മുൻ വർഷമിത് 15.60 കോടി രൂപയായിരുന്നു. നേരിട്ടുള്ള സംഭാവനകളിൽ കുറവുണ്ടായെങ്കിലും, ബാങ്ക് നിക്ഷേപങ്ങളിൽ നിന്നുള്ള പലിശ തുക ഉയർന്നതാണ് ഫണ്ടിന്റെ ആകെ മൂല്യം വർദ്ധിക്കാൻ ഇടയാക്കിയത്.