ദില്ലി: കൊവിഡിനെതിരായ പോരാട്ടത്തിൽ രാജ്യം നി‍‍ർണായക ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്ക് ഡൗണിൽ നിന്നും അൺലോക്കിലേക്ക് നമ്മൾ നീങ്ങുകയാണ്. എന്നാൽ കൊവിഡിനെ നേരിടുന്നതിൽ ജനങ്ങളുടെ ഭാ​ഗത്ത് നിന്നും അശ്രദ്ധ കൂടുന്നതായും അതിതീവ്ര മേഖലകളിൽ ജനം കടുത്ത ജാ​ഗ്രത പാലിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. 

കഴിഞ്ഞ മൂന്ന് മാസമായി 80 കോടി ജനങ്ങൾക്ക് കേന്ദ്രസ‍ർക്കാർ സൗജന്യമായി ഭക്ഷ്യധാന്യം വിതരണം ചെയ്യുകയാണ്. ഈ നടപടി ലോകത്തെ തന്നെ അത്ഭുതപ്പെടുത്തി. പ്രധാനമന്ത്രി ​ഗരീബ് കല്ല്യാൺ യോജന വഴിയാണ് ഭക്ഷ്യധാന്യം വിതരണം ചെയ്തത്. ഈ പദ്ധതി അടുത്ത മൂന്ന് മാസത്തേക്ക് കൂടി നീട്ടുകയാണ്. പദ്ധതിക്കായി ആകെ ഒന്നര ലക്ഷം കോടി രൂപ ചിലവിടുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 

പ്രധാനമന്ത്രിയുടെ വാക്കുകൾ - 

 • ചുമ, പനി ഉൾപ്പെടെ പല രോഗങ്ങൾ വരാൻ സാധ്യതയുള്ള സമയമാണിത് ആളുകൾ ജാഗ്രത പാലിക്കണം.
 • രാജ്യത്തെ കൊവിഡ് ഭീഷണി നിലനിൽക്കുന്നുവെങ്കിലും കൊവിഡ് മരണം കുറവാണ്
 • സമയബന്ധിതമായ ലോക് ഡൗൺ പ്രഖ്യാപിച്ചത് മൂലം ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കാനായി. 
 • അതിതീവ്ര മേഖലകളിൽ കൂടുതൽ ശ്രദ്ധ വേണം. ഇവിടുത്തെ ആളുകൾ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം
 • 130 കോടി ജനങ്ങളുടെ ജീവന്റെ രക്ഷയുടെ കാര്യമാണിത്
 •  ഗ്രാമത്തലവൻ മുതൽ പ്രധാനമന്ത്രിക്ക് വരെ നിയമം ബാധകമാകണം
 • പാവപ്പെട്ടവരെ പട്ടിണിയിലേക്ക് പോകാതെ നോക്കേണ്ട ചുമതല നമുക്കാണ്
 • 1.75 ലക്ഷം കോടി രൂപ പാവങ്ങളുടെ ക്ഷേമത്തിനായി മാറ്റിവച്ചു
 • 31,000 കോടി രൂപ അവരുടെ അക്കൗണ്ടിൽ എത്തിച്ചു
 • 80 കോടി ആളുകൾക്ക് റേഷൻ നൽകി . അമേരിക്കയുടെ ജനസംഖ്യയുടെ രണ്ട് ഇരട്ടി ജനങ്ങൾക്ക് ഇതു ഗുണം ചെയ്തു
 • ഇനി പല ഉത്സവങ്ങൾ വരുന്ന കാലമാണ്
 • രക്ഷാബന്ധൻ, കൃഷ്ണജന്മാഷ്ടമി, വിനായകചതുർത്ഥി, ഓണം, നവരാത്രി, ദസറ,ദീപാവലി... ഒരുപാട് ആഘോഷങ്ങൾ വരുന്നുണ്ട്. 
 • സാമൂഹിക അകലം പാലിച്ചു കൊണ്ട് വേണം നാം എല്ലാ ആഘോഷിക്കാനും ആചരിക്കാനും
 • പി എം ഗരീബ് കല്യാൺഅന്ന യോജന നവംബർ വരെ നീട്ടി
 • ഇതിലൂടെ സൗജ്യന റേഷൻ എല്ലാവ‍ർക്കും ലഭിക്കും
 • അഞ്ച് കിലോ അരിയാവും പാവപ്പെട്ടവ‍ർക്ക് ലഭിക്കുക
 • വൺ റേഷൻ കാ‍ർഡ്, വൺ നേഷൻ പദ്ധതി നടപ്പാക്കും
 • ഇതിലൂടെ രാജ്യത്തെ ഏതു പൗരനും എവിടെ നിന്നും റേഷൻ വാങ്ങാനാവും
 • പ്രതിസന്ധി ഘട്ടത്തിലും രാജ്യം പിടിച്ചു നിന്നത് നികുതിദായകരുടേയും ക‍ർഷകരുടേയും പിന്തുണ കൊണ്ടാണ്
 • ഈ പിന്തുണയ്ക്ക് ക‍‍ർഷക‍ർക്കും നികുതിദായക‍ർക്കും ഹൃദയത്തിൻ്റെ അടിത്തട്ടിൽ നിന്നും നന്ദി പറയുന്നു 
 • മാസ്ക് ധരിക്കുന്നതും മറ്റു കൊവിഡ് പ്രതിരോധ നടപടികൾ സ്വീകരിക്കേണ്ടതും നിർബന്ധമാണ്.