കഴിഞ്ഞ ദിവസമാണ് രാജ്യത്തെ 300ഓളം പ്രമുഖ വ്യക്തികളുടെ ഫോണ്‍ പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തുന്നുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമ കണ്‍സോര്‍ഷ്യം പുറത്തുവിട്ടത്. രണ്ട് കേന്ദ്രമന്ത്രിമാര്‍, 40 മാധ്യമപ്രവര്‍ത്തകര്‍, മൂന്ന് പ്രതിപക്ഷ നേതാക്കള്‍, സുപ്രീം കോടതി ജഡ്ജി എന്നിവരുടേതടക്കമുള്ള ഫോണ്‍ കോളുകളാണ് ചോര്‍ത്തിയതെന്നും വാര്‍ത്ത പുറത്തുവിട്ടിരുന്നു. 

മുംബൈ: പെഗാസസ് സ്‌പൈവേര്‍ ഉപയോഗിച്ച് രാജ്യത്തെ പ്രമുഖരുടെ ഫോണ്‍ ചോര്‍ത്തിയ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും കാര്യങ്ങള്‍ വിശദമാക്കണമെന്ന് ശിവസേന വക്താവ് സഞ്ജയ് റാവത്ത്. രാജ്യത്തെ സര്‍ക്കാര്‍ ഭരണസംവിധാനവും ദുര്‍ബലമാണെന്നാണ് ഫോണ്‍ ചോര്‍ത്തിയ സംഭവം കാണിക്കുന്നതെന്നും അദ്ദേഹം ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജനങ്ങള്‍ക്കിടയില്‍ ഭയത്തിന്റെ അന്തരീക്ഷമുണ്ട്. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും വിഷയം ഗൗരവത്തിലെടുക്കണമെന്നും മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു. 

'മഹാരാഷ്ട്രയില്‍ ഫോണ്‍ ചോര്‍ത്തല്‍ ആരോപണം കോണ്‍ഗ്രസ് നേതാവ് നാനാ പട്ടോളെ ആരോപിച്ചു. മുതിര്‍ന്ന പൊലീസുകാര്‍ ഉള്‍പ്പെട്ട കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. പക്ഷേ ഈ കേസില്‍ വിദേശ കമ്പനി നമ്മുടെ രാജ്യത്തെ മാധ്യമപ്രവര്‍ത്തകരുടെയടക്കം ഫോണ്‍ കോളുകള്‍ കേട്ടിരിക്കുകയാണ്. സംഭവം ഗൗരവമേറിയതാണ്'-അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ ദിവസമാണ് രാജ്യത്തെ 300ഓളം പ്രമുഖ വ്യക്തികളുടെ ഫോണ്‍ പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തുന്നുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമ കണ്‍സോര്‍ഷ്യം പുറത്തുവിട്ടത്. രണ്ട് കേന്ദ്രമന്ത്രിമാര്‍, 40 മാധ്യമപ്രവര്‍ത്തകര്‍, മൂന്ന് പ്രതിപക്ഷ നേതാക്കള്‍, സുപ്രീം കോടതി ജഡ്ജി എന്നിവരുടേതടക്കമുള്ള ഫോണ്‍ കോളുകളാണ് ചോര്‍ത്തിയതെന്നും വാര്‍ത്ത പുറത്തുവിട്ടിരുന്നു. തുടര്‍ന്ന് പാര്‍ലമെന്റില്‍ പ്രതിപക്ഷം വിഷയം ഏറ്റെടുത്തു. എന്നാല്‍ ആരോപണങ്ങള്‍ തള്ളി സര്‍ക്കാര്‍ രംഗത്തെത്തി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona