ഉച്ചഭാഷിണി ഉപയോ​ഗിക്കുന്നതിലെ നിയമം അനുസരിക്കുന്നതിന്റെ ഭാ​ഗമായി, പത്ത് മണിക്ക് ശേഷവും നീണ്ടുപോയ പരിപാടിയിൽ അദ്ദേ​ഹം മൈക്ക് ഒഴിവാക്കുകയും ജനങ്ങളോട് മാപ്പ് ചോദിക്കുകയുമായിരുന്നു.

ജയ്പൂര്‍ : രാജസ്ഥാൻ സന്ദർശനത്തിനിടെ നടന്ന റാലിയിൽ ജനങ്ങളെ അഭിസംബോധന ചെയ്യാനാകാത്തതിന് മാപ്പ് ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജസ്ഥാനിലെ സിരോഹിയിൽ നടന്ന റാലിക്കിടെയാണ് ജനങ്ങളെ അഭിസംബോധന ചെയ്യാനാകാത്തതിൽ പ്രധാനമന്ത്രി മാപ്പ് ചോദിച്ചത്. ഉച്ചഭാഷിണി ഉപയോ​ഗിക്കുന്നതിലെ നിയമം അനുസരിക്കുന്നതിന്റെ ഭാ​ഗമായി, പത്ത് മണിക്ക് ശേഷവും നീണ്ടുപോയ പരിപാടിയിൽ അദ്ദേ​ഹം മൈക്ക് ഒഴിവാക്കുകയും ജനങ്ങളോട് മാപ്പ് ചോദിക്കുകയുമായിരുന്നു.

ജനങ്ങളെ അഭിസംബോധന ചെയ്യാൻ കഴിയാത്തതിനാൽ മറ്റൊരിക്കൽ സിരോഹിയിൽ വരുമെന്ന് ഉറപ്പ് നൽകിയാണ് അ​ദ്ദേഹം മടങ്ങിയത്. ''ഞാൻ എത്താൻ വൈകിപ്പോയി. രാത്രി പത്ത് മണിയായി. ഞാൻ നിയമം പാലിക്കണമെന്നാണ് എനിക്ക് തോനുന്നത്. ഞാൻ നിങ്ങൾക്ക് മുന്നിൽ മാപ്പ് ചോദിക്കുന്നു'' - മൈക്ക് ഇല്ലാതെ മോദി ജനങ്ങളോട് സംസാരിച്ചു.

''പക്ഷേ ഞാൻ ഉറപ്പ് നൽകുകയാണ്, നിങ്ങൾ എനിക്ക് നൽകിയ സ്നേഹത്തിനും അടുപ്പത്തിനും പലിശ സഹിതം തിരിച്ച് നൽകാൻ ഞാൻ വീണ്ടും വരും.'' - പ്രധാനമന്ത്രി പറഞ്ഞു. സ്റ്റേജിൽ മുട്ടുകുത്തി നിന്ന മോദി ഭാരത് മാതാ കി ജയ് വിളിക്കുകയും ജനങ്ങൾ ആവേശത്തോടെ അത് ഏറ്റുവിളിക്കുകയും ചെയ്തു. അതേസമയം സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് പ്രധാനമന്ത്രിയുടെ പ്രവൃത്തിയെ അഭിനന്ദിക്കുന്നത്. അമിത് മാളവ്യ അടക്കമുള്ളവർ വീഡിയോ പങ്കുവച്ചു. 

Scroll to load tweet…

അതേസമയം ഡിസംബറിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ​ഗുജറാത്ത് സന്ദർശനത്തിലാണ് പ്രധാനമന്ത്രി ഇപ്പോൾ. കഴിഞ്ഞ ദിവസം ഏഴ് പരിപാടികളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തു. ഇതില്‍ ഏഴു പരിപാടികളും സ്വന്തം സംസ്ഥാനമായ ഗുജറാത്തിലായിരുന്നു. വെള്ളിയാഴ്ച വമ്പൻ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്താണ് പ്രധാനമന്ത്രി ഗുജറാത്ത് സന്ദർശനത്തിന്‍റെ രണ്ടാം ദിവസം ആരംഭിച്ചത്. ഗാന്ധി നഗർ - മുംബൈ വന്ദേഭാരത് ട്രെയിനിന്‍റെ ആദ്യ സർവീസും അഹമ്മദാബാദ് മെട്രോയുടെ ആദ്യ ഘട്ടവും അദ്ദേഹം ഉദ്ഘാടനം ചെയ്തു.