ബെംഗലൂരു: ഇന്ന് രാവിലെ എട്ടിന് രാജ്യത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്ത് സംസാരിക്കുമെന്ന് ഐഎസ്ആര്‍ഒ കേന്ദ്രങ്ങള്‍ അറിയിച്ചു.  ചാന്ദ്രയാന്‍-2 പദ്ധതി പ്രതീക്ഷിച്ച വിജയം കൈവരിക്കാനാകാത്ത സാഹചര്യത്തിലാണ് ഐഎസ്ആര്‍ഒ കേന്ദ്രത്തില്‍നിന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.  ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചത്.

ശനിയാഴ്ച പുലര്‍ച്ചെ വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം വിച്ഛേദിക്കപ്പെട്ടതായി ഐഎസ്ആര്‍ഒ അറിയിച്ചിരുന്നു. ചന്ദ്രോപരിതലത്തില്‍നിന്ന് 2.1 കിലോ മീറ്റര്‍ അകലെ വെച്ചാണ് ബന്ധം നഷ്ടപ്പെട്ടത്. നിരാശപ്പെടേണ്ടെന്നും രാജ്യം നിങ്ങളോടൊപ്പമുണ്ടെന്നും പ്രധാനമന്ത്രി ശാസ്ത്രജ്ഞരെ ആശ്വസിപ്പിച്ചിരുന്നു.