ദില്ലി: സ്മാര്‍ട് ഇന്ത്യ ഹാക്കത്തോണ്‍ സംവാദത്തിനിടെ രാഹുൽ ഗാന്ധിയെ ഉന്നമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരിഹാസം വിവാദമാകുന്നു. പഠന വൈകല്യമുള്ള കുട്ടികള്‍ക്കായി തയ്യാറാക്കിയ പ്രൊജക്ടിനെക്കുറിച്ച് ഐഎടി വിദ്യാര്‍ഥി സംസാരിക്കവേയായിരുന്നു പ്രധാനമന്ത്രിയുടെ വിവാദ പരാമര്‍ശം. നാണം കെട്ട പരാമര്‍ശമാണ് മോദി നടത്തിയതെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതറാം യെച്ചൂരി വിമര്‍ശിച്ചു.

ഐഐടി ഖരഗ്പൂരിലെ വിദ്യാര്‍ത്ഥികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിങ്ങിനിടെയാണ് വിവാദ പരമാര്‍ശമുണ്ടായത്. പഠന വൈകല്യമുള്ള കുട്ടികള്‍ക്കായി തയ്യാറാക്കിയ പ്രൊജക്ട് പ്രധാനമന്ത്രിക്ക് മുമ്പാകെ അവതരിപ്പിക്കുയായിരുന്ന വിദ്യാ‌‌ർത്ഥിയോട് പ്രോജക്ട്  നാല്‍പത് വയസിനും അമ്പത് വയസിനും ഇടയിലുള്ള കുട്ടികൾക്കും പ്രയോജനപ്പെടുമോ എന്ന് മോദി ചോദിച്ചു. സദസ്സിൽ കൂട്ട ചിരി ഉയ‌ർന്നതിന് പിന്നാലെ പ്രയോജനപ്പെടുമെന്ന് വിദ്യാ‌ർത്ഥി മറുപടി പറഞ്ഞു. അത്തരം കുട്ടികളുടെ അമ്മമാര്‍ക്ക് സന്തോഷമാകുമെന്ന് മോദിയുടെ മറുപടി കൂടിയായതോടെ പ്രസ്താവന വിവാദമായി.

പ്രധാനമന്ത്രി പദത്തിലിരിക്കുന്നയാള്‍ക്ക് യോജിക്കാത്ത പരാമര്‍ശമാണ് മോദി നടത്തിയതെന്ന് സീതാറാം യെച്ചൂരി വിമര്‍ശിച്ചു. എന്നാൽ കോണ്‍ഗ്രസ് നേതാക്കളാരും ഇതുവരെ പ്രതികരിച്ചിട്ടില്ല. സമൂഹ മാധ്യമങ്ങളിലും പരാമർശത്തിനെതിരെ വിമര്‍ശനം ഉയരുന്നുണ്ട്. വിവാദ പരാമര്‍ശം ട്വിറ്ററിൽ ഷെയര്‍ ചെയ്ത ചിലര്‍ പിന്നട് അത് പിന്‍വലിച്ചു.