Asianet News MalayalamAsianet News Malayalam

Modi In Punjab : പഞ്ചാബിൽ പ്രധാനമന്ത്രിക്ക് നേരെ പ്രതിഷേധം, 15 മിനിറ്റ് ഫ്ലൈ ഓവറിൽ കുടുങ്ങി

വൻസുരക്ഷാ വീഴ്ചയാണ് പഞ്ചാബ് സർക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടായതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുന്നു. പഞ്ചാബിലെ പ്രചാരണറാലി പ്രധാനമന്ത്രി റദ്ദാക്കി. പതിനഞ്ച് മിനിറ്റോളം പ്രതിഷേധം കാരണം പ്രധാനമന്ത്രിക്ക് യാത്ര തുടരാനായില്ല. 

PM narendra Modi Faced Protests In Punjab Headed Back To Delhi
Author
New Delhi, First Published Jan 5, 2022, 3:26 PM IST

ദില്ലി/ അമൃത്സർ: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രചാരണപരിപാടികൾക്കായി പഞ്ചാബിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെ പ്രതിഷേധം. ഹുസൈൻവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് പ്രതിഷേധമുണ്ടായത്. ഇതോടെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം 15 മുതൽ 20 മിനിറ്റ് വരെ ഒരു ഫ്ലൈ ഓവറിൽ കുടുങ്ങി. 

വൻസുരക്ഷാ വീഴ്ചയാണ് പഞ്ചാബ് സർക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടായതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആരോപിക്കുന്നു. പഞ്ചാബ് സ‍ർക്കാർ മനഃപൂർവം പ്രധാനമന്ത്രിയുടെ ഒരു പരിപാടി അലങ്കോലമാക്കാൻ ശ്രമിച്ചുവെന്നാണ് ബിജെപി ദേശീയാധ്യക്ഷൻ ജെ പി നദ്ദയുടെ ആരോപണം. എന്നാൽ ഹെലികോപ്റ്റർ മാർഗം യാത്ര ചെയ്യേണ്ടിയിരുന്ന പ്രധാനമന്ത്രി അവസാനനിമിഷം റോഡ് മാർഗം യാത്ര ചെയ്യാൻ തീരുമാനിച്ചതിനാലാണ് ആശയക്കുഴപ്പമുണ്ടായതെന്നാണ് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി വിശദീകരിക്കുന്നു. 

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് രണ്ട് പരിപാടികളാണ് പ‍ഞ്ചാബിലുണ്ടായിരുന്നത്. ഹുസൈൻ വാലയിലെ ഷഹീദ് ഭഗത് സിംഗ് അടക്കമുള്ളവരുടെ രക്തസാക്ഷിമണ്ഡപത്തിലേക്കുള്ള യാത്രയായിരുന്നു ആദ്യത്തേത്. രണ്ടാമത്തേത് ഫിറോസ് പൂരിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണറാലി. പ്രധാനമന്ത്രി നരേന്ദ്രമോദി ഭട്ടിൻഡയിലാണ് വിമാനമിറങ്ങിയത്. എന്നാൽ സ്ഥലത്ത് കനത്ത മഴയും മഞ്ഞുമുണ്ടായിരുന്നതിനാൽ ഹുസൈൻവാലയിലേക്ക് ഹെലികോപ്റ്ററിൽ പോകാനായില്ല. ഹെലികോപ്റ്റർ യാത്രയ്ക്കുള്ള സാധ്യത പരിശോധിച്ച് 20 മിനിറ്റോളം പ്രധാനമന്ത്രി ഭട്ടിൻഡയിൽ കാത്തിരുന്നു. എന്നാൽ കാലാവസ്ഥ പ്രതികൂലമായതിനാൽ ഇത് ഉപേക്ഷിച്ച് റോഡ് മാർഗം പോകാൻ തീരുമാനിക്കുകയായിരുന്നു.

പ്രധാനമന്ത്രിക്ക് റോഡ് മാർഗം പോകാനാകുമോ എന്ന് എസ്പിജി സംസ്ഥാനപൊലീസിനോടും ഡിജിപിയോടും അന്വേഷിച്ചു. പോകാം എന്ന് പഞ്ചാബ് ഡിജിപി അറിയിച്ചു. ഇരുപത് മിനിറ്റ് കൊണ്ട് ഹെലികോപ്റ്ററിൽ എത്താമായിരുന്ന യാത്ര അങ്ങനെ രണ്ട് മണിക്കൂറായി നീണ്ടു. സാധാരണ പ്രധാനമന്ത്രിയുടെ യാത്രയ്ക്കുള്ള സുരക്ഷ ഒരുക്കുമ്പോൾ ഹെലികോപ്റ്ററിലുള്ള യാത്ര എന്തെങ്കിലും സാഹചര്യത്തിൽ മാറ്റേണ്ടി വരികയാണെങ്കിൽ റോഡിലൂടെ സുഗമമായി യാത്ര ചെയ്യാനുള്ള സാഹചര്യമൊരുക്കണമെന്നതാണ് സുരക്ഷാ പ്രോട്ടോക്കോൾ. 

അതനുസരിച്ച് പ്രധാനമന്ത്രി റോഡ് മാർഗം സഞ്ചരിക്കുമ്പോഴാണ് പ്രതിഷേധക്കാർ വാഹനവ്യൂഹം തടഞ്ഞത്. പഞ്ചാബിൽ പ്രധാനമന്ത്രിയുടെ പ്രചാരണപരിപാടികൾ നടക്കുമെന്ന് പ്രഖ്യാപനം വന്നപ്പോൾത്തന്നെ ഇതിനെതിരെ വിവിധ സംഘടനകൾ രംഗത്തെത്തിയിരുന്നു. ഫിറോസ് പൂരിലെ പ്രധാനമന്ത്രിയുടെ റാലിയിലേക്ക് വന്നിരുന്ന ബിജെപി പ്രവർത്തകരുടെ ബസ്സുകൾ പലയിടത്തായി തടഞ്ഞുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. 

പ്രധാനമന്ത്രിയുടെ യാത്രാ പദ്ധതി അടക്കം എല്ലാ വിവരങ്ങളും നേരത്തേ തന്നെ പഞ്ചാബ് സർക്കാരിനെ അറിയിച്ചിരുന്നതാണെന്നും, അടിയന്തരസാഹചര്യത്തിൽ എല്ലാ തരത്തിലും പ്രധാനമന്ത്രിയുടെ യാത്ര സുഗമമാക്കാനുള്ള നടപടികളെടുക്കേണ്ടത് സംസ്ഥാനസർക്കാരിന്‍റെ ഉത്തരവാദിത്തമാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുന്നു. ഇതിൽ പഞ്ചാബ് സർക്കാർ വരുത്തിയത് ഗുരുതരവീഴ്ചയാണ്. റോഡിൽ എന്തെങ്കിലും തരത്തിലുള്ള പ്രതിഷേധങ്ങളുണ്ടായാൽ തടയാൻ ഉള്ള പ്ലാനും പഞ്ചാബ് സർക്കാർ സ്വീകരിക്കേണ്ടിയിരുന്നതാണ്. അതുമുണ്ടായില്ല. റോഡ് മാർഗമുള്ള യാത്രയിൽ കൃത്യമായ സുരക്ഷാ സംവിധാനങ്ങളുണ്ടായിരുന്നില്ല. 

ഇതോടെ, യാത്ര റദ്ദാക്കി പ്രധാനമന്ത്രി തിരികെ ഭട്ടിൻഡ വിമാനത്താവളത്തിലേക്ക് മടങ്ങുകയായിരുന്നുവെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. സംഭവം ഗൗരവമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം കണക്കിലെടുക്കുന്നുവെന്നും സംസ്ഥാനസർക്കാരിൽ നിന്ന് വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും വാർത്താക്കുറിപ്പ് വ്യക്തമാക്കുന്നു. ഇതിന് ഉത്തരവാദികളായവരെ കണ്ടെത്തി കർശനനടപടി സ്വീകരിക്കാനും കേന്ദ്രം നിർദേശം നൽകി. 

Follow Us:
Download App:
  • android
  • ios