ദില്ലി: അയോധ്യ വിധിയില്‍ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അയോധ്യ വിധി പല കാരണങ്ങളാൽ പ്രാധാന്യമുള്ളതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു. പതിറ്റാണ്ടുകൾ പഴക്കമുള്ള തർക്കം എല്ലാവരുടെയും വാദങ്ങൾ കേട്ട് നീതിപൂർവ്വമായി പരിഹരിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഈ വിധി ആരുടേയും തോല്‍വിയോ ജയമോ അല്ല. രാമഭക്തിയോ റഹീം ഭക്തിയോ അല്ല രാഷ്ട്രഭക്തിയാണ് നാം ശക്തിപ്പെടുത്തേണ്ടത്. പതിറ്റാണ്ടുകള്‍ നീണ്ട വാദത്തിനിടെ ഈ കേസിലെ എല്ലാ ഘടകങ്ങളും കോടതി പരിശോധിച്ചു. എല്ലാവരുടേയും അഭിപ്രായങ്ങളും വാദങ്ങളും കോടതി കേട്ടു. എല്ലാവര്‍ക്കും തങ്ങളുടെ ഭാഗത്ത് നിന്നും തെളിവുകളും നിലപാടുകളും വ്യക്തമാക്കാന്‍ സാധിച്ചു. സങ്കീര്‍ണമായ ഒരു കേസില്‍ എല്ലാവരേയും മുഖവിലയ്ക്ക് എടുത്ത് കോടതി വിധി പറയുന്നതിലൂടെ ജനങ്ങള്‍ക്ക് നീതിന്യായവ്യവസ്ഥയിലുള്ള വിശ്വാസം ഇരട്ടിക്കുകയാണെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. 

അയോധ്യ കേസിൽ സുപ്രീംകോടതി വിധി പറയുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുദാ‌സ്‌പൂരിലെ ബാബാ നാനാക്ക് ഗുരുദ്വാരയിലാണ്. ഇന്ത്യയിലെ ബാബാ നാനാക്ക് ഗുരുദ്വാരയും പാകിസ്ഥാനിലെ ദര്‍ബാര്‍ സാഹിബ് ഗുരുദ്വാരയും തമ്മില്‍ ബന്ധിപ്പിക്കുന്ന കര്‍താപൂര്‍ ഇടനാഴിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവ്വഹിച്ചു. ഇന്ത്യാക്കാരുടെ വികാരം  മനസ്സിലാക്കിയതിന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് മോദി നന്ദി പറഞ്ഞു.

അയോധ്യ കേസില്‍ അഞ്ച് അംഗ ഭരണഘടന ബെഞ്ച് ഏകകണ്ഠമായാണ് വിധി പ്രസ്താവിച്ചത്. തർക്കഭൂമിയിൽ ക്ഷേത്രം പണിയണമെന്ന് സുപ്രീംകോടതി വിധിച്ചു. മുസ്ലീങ്ങൾക്ക് ആരാധനയ്ക്ക് തർക്കഭൂമിക്ക് പുറത്ത് സ്ഥലം നൽകണം. അയോധ്യയിൽ പ്രധാനപ്പെട്ട സ്ഥലത്ത് തന്നെ അഞ്ച് ഏക്കർ നൽകണമെന്നാണ് കോടതിയുടെ നിർദേശം. അയോധ്യയിൽ ക്ഷേത്രം നിർമ്മിക്കാൻ ഭൂമി ട്രസ്റ്റിന് കൈമാറണം. മൂന്ന് മുതൽ നാല് മാസത്തിനകം ഇതിനായുള്ള കർമ്മപദ്ധതി കേന്ദ്രം തയ്യാറാക്കണം. ട്രസ്റ്റിൽ നിർമോഹി അഖാഡയ്ക്ക് അർഹമായ പ്രാതിനിധ്യം നൽകണം.

Also Read: തർക്കഭൂമിയിൽ ക്ഷേത്രം, മുസ്ലിങ്ങൾക്ക് അയോധ്യയിൽ പകരം ഭൂമി: സുപ്രീം കോടതി വിധി

സുപ്രീംകോടതി പുറപ്പെടുവിച്ചത് ചരിത്രവിധിയെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ട്വീറ്റ് ചെയ്തു. ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും ഇതോടെ കൂടുതൽ ശക്തിപ്പെടുമെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു.