പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേടിയ ഐതിഹാസിക വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർട്ടി പ്രവർത്തകരെ അഭിനന്ദിച്ചു. ബംഗാളിലെ ജനങ്ങളുടെ സ്വപ്നങ്ങൾ നിറവേറ്റുമെന്ന് ഉറപ്പു നൽകിയ അദ്ദേഹം,  ഈ വിജയം ചരിത്രപരമാണെന്നും എടുത്തുപറഞ്ഞു. 2016-ൽ മൂന്ന് സീറ്റുകളിൽ നിന്ന് 2026-ൽ 200-ൽ അധികം സീറ്റുകളോടെയാണ് ബിജെപി അധികാരത്തിലെത്തുന്നത്.

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി കൈവരിച്ച ഐതിഹാസിക വിജയത്തെ തുടർന്ന് പാർട്ടി പ്രവർത്തകരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. 2026 ലെ ഈ നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ എന്നും ഓർമ്മിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാളിൽ താമര വിരിഞ്ഞു. ബിജെപി കാലങ്ങളായി ആഗ്രഹിച്ചിരുന്ന ഈ വിജയം ഇന്ത്യയിലെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിലേക്ക് മറ്റൊരു സുപ്രധാന അധ്യായം കൂടി കൂട്ടിച്ചേർത്തുവെന്നും പ്രധാനമന്ത്രി സാമൂഹിക മാധ്യമമായ എക്സിൽ കുറിച്ചു.

തലമുറകളായി അശ്രാന്ത പരിശ്രമം നടത്തിയ എണ്ണമറ്റ പ്രവർത്തകരുടെ പോരാട്ടത്തിന്റെ ഫലമാണ് ബംഗാളിലെ ഈ വിജയമെന്ന് പ്രധാനമന്ത്രി കുറിച്ചു. ബംഗാളിലെ ജനങ്ങളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും നിറവേറ്റാൻ ബിജെപി സാധ്യമായതെല്ലാം ചെയ്യുമെന്ന് ഉറപ്പുനൽകിയ അദ്ദേഹം, ജനവിധിക്ക് മുന്നിൽ ശിരസ്സ് നമിക്കുന്നതായും വ്യക്തമാക്കി. ബംഗാളിൽ താമര വിരിഞ്ഞു. ജനശക്തി വിജയിച്ചു. ബിജെപിയുടെ നല്ല ഭരണമെന്ന രാഷ്ട്രീയം വിജയം കണ്ടുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും അന്തസ്സും അവസരങ്ങളും ഉറപ്പാക്കുന്ന ഒരു സർക്കാരായിരിക്കും ബിജെപിയുടേതെന്നും അദ്ദേഹം വാഗ്ദാനം നൽകി. ബംഗാളിലെ ജനങ്ങൾ നൽകിയ ഈ ഉജ്ജ്വലമായ അംഗീകാരത്തിന് പകരമായി വികസനത്തിനായി പാർട്ടി പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

34 വർഷം ഇടതുപക്ഷം ഭരിച്ച ബംഗാളിൽ ദീർഘകാലമായി 'ഹിന്ദി പാർട്ടി' എന്ന് മുദ്രകുത്തപ്പെട്ട ബിജെപി, ആ പ്രതിച്ഛായ തകർത്തുകൊണ്ടാണ് അധികാരം പിടിച്ചെടുത്തത്. 2016 ൽ വെറും മൂന്ന് സീറ്റുകൾ മാത്രം ഉണ്ടായിരുന്ന ബിജെപി, 2021 ൽ 77 സീറ്റുകൾ നേടി പ്രതിപക്ഷമായി വളരുകയും 2026ൽ ഭരണത്തിലേറാൻ പോവുകയാണ്. നിലവിൽ 200-ലധികം സീറ്റുകളിൽ ബിജെപി മുന്നേറുമ്പോൾ, മമതയുടെ തൃണമൂൽ കോൺഗ്രസ് രണ്ടക്ക സംഖ്യയിലേക്ക് ചുരുങ്ങുന്ന കാഴ്ചയാണ് കാണുന്നത്.