ജംഷഡ്പൂര്‍: രണ്ട് വര്‍ഷം മുമ്പ് ബീഫ് കഴിയ്ക്കുന്നതിനെ അനുകൂലിച്ച് ഫേസ്ബുക്കില്‍ കുറിപ്പെഴുതിയ ആദിവാസി പ്രൊഫസറെ പൊലീസ് അറസ്റ്റ് ചെയ്തു. സാക്ചി ഗ്രാമത്തിലെ വനിതാ കോളജ് പ്രഫസര്‍ ജീത് റായ് ഹന്‍സ്തയെയാണ് കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത്. എബിവിപി പ്രവര്‍ത്തകര്‍ 2017ലാണ് പ്രഫസര്‍ക്കെതിരെ പരാതി നല്‍കിയത്. എന്നാല്‍, പൊലീസ് അറസ്റ്റ് ചെയ്തിരുന്നില്ല.

ആദിവാസി പ്രൊഫസറെ അറസ്റ്റ് ചെയ്താല്‍ തെരഞ്ഞെടുപ്പില്‍ പ്രതികൂലമായി ബാധിക്കുമെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് മുമ്പ് അറസ്റ്റ് ചെയ്യാതിരുന്നതെന്ന് അദ്ദേഹത്തില്‍ അഭിഭാഷകന്‍ പറഞ്ഞതായി ഓണ്‍ലൈന്‍ മാധ്യനം ഹഫ്പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ജാര്‍ഖണ്ഡില്‍ 14ല്‍ 12 സീറ്റും ബിജെപിയാണ് നേടിയത്. എഫ്ഐആര്‍ അനുസരിച്ച്, ആദിവാസി ആചാരപ്രകാരം ബീഫ് കഴിയ്ക്കുന്നത് തെറ്റല്ലെന്നും ആദിവാസികളെ ബീഫ് കഴിയ്ക്കാന്‍ പ്രൊഫസര്‍ പ്രേരിപ്പിച്ചുവെന്നുമാണ് കേസ്.

ആദിവാസികള്‍ ഹിന്ദു ആചാരം പിന്തുടരുന്നത് നിരുത്സാഹപ്പെടുത്തിയെന്നും എഫ്ഐആറില്‍ പറയുന്നു. എഫ്ഐആര്‍ നേരത്തെ തയ്യാറാക്കിയെങ്കിലും പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ പോലും പറഞ്ഞിരുന്നില്ല. പ്രൊഫസര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും തള്ളി. മതവികാരം വ്രണപ്പെടുത്തിയെന്നും മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചതിനുമെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. അറസ്റ്റ് പ്രൊഫസറെ കോളജില്‍നിന്ന് പുറത്താക്കരുതെന്നാവശ്യപ്പെട്ട് ആദിവാസി സംഘടന നേതാക്കള്‍ വൈസ് ചാന്‍സലര്‍ക്ക് കത്തെഴുതി.