ഗുവാഹത്തി: ദില്ലിയിലും അസമിലും ആക്രമണത്തിന് പദ്ധതിയിട്ട  മൂന്ന് ഭീകരര്‍ അറസ്റ്റില്‍. ഇവര്‍ക്ക്  ഐഎസ് ബന്ധമുണ്ടെന്ന് ദില്ലി പോലീസ് അറിയിച്ചു.  ഗോല്‍പാരയില്‍ കുഴിബോംബാക്രമണത്തിന് തയ്യാറെടുക്കുമ്പോഴാണ് ഭീകരരെ കീഴടക്കിയത്. തീവ്രവാദ ഗ്രൂപ്പുകളിൽ അംഗങ്ങളായ യുവാക്കളെ കേന്ദ്രീകരിച്ച് , രഹസ്യാന്വേഷണ വിഭാഗവും , ദില്ലി സ്പെഷ്യൽ സെല്ലും  നടത്തിയ അന്വേഷണത്തിലാണ് മൂന്നംഗ സംഘം പിടിയിലായത്. അസം സ്വദേശികളായ രഞ്ജിത് ഇസ്ലാം, മുഖാദിര്‍ ഇസ്ലാം, ലൂയിത് സമീല്‍ സമാന്‍ എന്നിവരാണ് അറസ്റ്റിലായത്. മൂവരും പ്രത്യേകം ആക്രമണങ്ങൾ നടത്താനാണ് പദ്ധതിയിട്ടിരുന്നതെന്ന് പോലീസ് പറയുന്നു. 

അസം ഗോൽപാരയിലെ ഉത്സവനാളില്‍ ആക്രമണത്തിന് തയ്യാറെടുക്കുമ്പോഴാണ് ഇവരെ പിടികൂടുന്നത്.  ആയുധങ്ങളും സ്ഫോടക വസ്തുക്കളും ഇവരുടെ കൈവശമുണ്ടായിരുന്നു. മൂന്ന് പേർക്കും ഐഎസുമായി ബന്ധമുള്ളതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായെന്ന് ദില്ലി  സ്പെഷ്യൽ സെൽ ഡിസിപി പറഞ്ഞു. ദില്ലിയിലെ  പ്രധാന കേന്ദ്രങ്ങളിലും  ഇവര്‍ ആക്രമണത്തിന്  പദ്ധതിയിട്ടിരുന്നു. സംഘത്തിൽ കൂടുതൽ ആളുകൾ ഉളളതായി പോലീസിന് വിവരമുണ്ട്. കൂടുതല്‍ അന്വേഷണത്തിനായി വിവരങ്ങള്‍ തീവ്രവാദ വിരുദ്ധ സ്ക്വാഡിനും, അസം പോലീസിനും കൈമാറിയിട്ടുണ്ട്.