ദില്ലി: പരാതി പറയാന്‍ പൊലീസ് സ്റ്റേഷനിലെത്തിയ 16 കാരിയെ പൊലീസുകാരന്‍ അപമാനിച്ചത് ട്വീറ്റ് ചെയ്ത് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. ഉത്തര്‍പ്രദേശ്  കാണ്‍പൂരിലെ പൊലീസ് സ്റ്റേഷനിലാണ് സംഭവം. ഒരു സംഘം തന്നെ അപമാനിക്കാന്‍ ശ്രമിച്ചെന്നും തടയാന്‍ ശ്രമിച്ച സഹോദരനെ കൈയേറ്റം ചെയ്തുവെന്നുമാണ് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞത്. എന്നാല്‍, ആഭരണങ്ങള്‍ അണിഞ്ഞതിന് പൊലീസ് യുവതിയോട് തട്ടിക്കയറുകയായിരുന്നു. യുവതിയുടെ കുടുംബത്തെക്കുറിച്ചും പൊലീസ് ഉദ്യോഗസ്ഥന്‍ മോശമായി പരാമര്‍ശിച്ചു.

കേസെടുക്കാന്‍ വിസ്സമ്മതിച്ച പൊലീസുകാരന്‍ വളരെ മോശമായാണ് പെണ്‍കുട്ടിയോട് സംസാരിച്ചത്. 'നിങ്ങളെന്തിനാണ് മോതിരവും നെക്ലേസും അണിഞ്ഞത്. എന്തിനാണ് ഇത്രയും ആഭരണങ്ങള്‍. നിങ്ങള്‍ പഠിക്കുകയല്ലേ. ഈ ആഭരണങ്ങള്‍ കണ്ടാലറിയാം നിങ്ങളുടെ സ്വഭാവം' എന്നിങ്ങനെയായിരുന്നു പൊലീസുകാരന്‍റെ ചോദ്യം. യുവതിക്ക് നീതി ലഭ്യമാക്കണമെന്ന് പ്രിയങ്കാ ഗാന്ധി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള കുറ്റകൃത്യം വര്‍ധിക്കുമ്പോള്‍ നിയമപാലകര്‍ പെരുമാറുന്നത് ഇങ്ങനെയാണ് എന്ന് പറഞ്ഞായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്. വീഡിയോ വിവാദമായതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ പരാതി പൊലീസ് രേഖപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ സഹോദരനാണ് വീഡിയോ മൊബൈല്‍ ഫോണില്‍ ഷൂട്ട് ചെയ്തത്.