മകളെ തട്ടിക്കൊണ്ട് പോയെന്ന പരാതി പിന്‍വലിക്കാന്‍ സ്ത്രീയെ തല്ലി പൊലീസുകാര്‍, വിവാദമായപ്പോള്‍ നടപടി
ഔട്ട് പോസ്റ്റ് ഇന്‍ചാര്‍ജ് അശോക് കുമാറും ഏതാനും പൊലീസുകാരും തന്റെ വീട്ടിലെത്തി തന്നെയും മകളെയും ഉപദ്രവിച്ചുവെന്ന് പന്ത്രണ്ട് വയസുകാരിയുടെ അമ്മ പറഞ്ഞു.
റാംപൂര്‍: മകളെ തട്ടിക്കൊണ്ട് പോയെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് പരാതി നല്‍കിയ സ്ത്രീയുടെ മുഖത്തടിച്ചും ഭീഷണിപ്പെടുത്തിയും പൊലീസുകാര്‍. ഉത്തര്‍പ്രദേശിലാണ് സംഭവം. പരാതി പിന്‍വലിക്കണമെന്നായിരുന്നു സര്‍ക്കിള്‍ ഓഫീസര്‍ ഉള്‍പ്പടെയുള്ളവരുടെ ആവശ്യം. ഒടുവില്‍ പരാതി നല്‍കിയ സ്ത്രീയുടെ മകള്‍ പഠിച്ചിരുന്ന സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധവുമായി എത്തിയതോടെ പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തു.
മിലാക് പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍, സര്‍ക്കിള്‍ ഓഫീസര്‍, രണ്ട് കോണ്‍സ്റ്റബിള്‍മാര്‍ എന്നിവരെ ജില്ലാ ഭരണകൂടം ഇടപെട്ട് ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തി. ആരോപണ വിധേയനായ പൊലീസ് എയ്ഡ് പോസ്റ്റ് ഇന്‍ചാര്‍ജിനെ സസ്‍പെന്‍ഡ് ചെയ്തിട്ടുണ്ട്. പൊലീസ് സ്റ്റേഷന് മുന്നിലെ പ്രതിഷേധം വന്‍ ഗതാഗതക്കുരുക്കിനും വഴിവെച്ചു.
Read also: 'കണ്ടമാനം പണം കിട്ടുമെന്ന് പറഞ്ഞു, കരുവന്നൂരിൽ സഹായിച്ചത് ബിജു കരീമും സെക്രട്ടറിയും'; വെളിപ്പെടുത്തൽ
ഔട്ട് പോസ്റ്റ് ഇന്‍ചാര്‍ജ് അശോക് കുമാറും ഏതാനും പൊലീസുകാരും തന്റെ വീട്ടിലെത്തി തന്നെയും മകളെയും ഉപദ്രവിച്ചുവെന്ന് പന്ത്രണ്ട് വയസുകാരിയുടെ അമ്മ പറഞ്ഞു. രണ്ടോ മൂന്നോ തവണ തന്നെ അടിച്ചതായും വസ്ത്രങ്ങള്‍ കീറിയതായും അവര്‍ പറയുന്നു. കേസ് പിന്‍വലിക്കണമെന്നായിരുന്നു വീട്ടിലെത്തിയ പൊലീസുകാരുടെ ആവശ്യം.
മകളെ അപമാനിച്ചതിനും ബലം പ്രയോഗിച്ച് ബൈക്കില്‍ കയറ്റി കൊണ്ടുപോയതിനും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354, 363 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ ആരോപിച്ച് ചൊവ്വാഴ്ച സ്ത്രീ പരാതി നല്‍കിയിരുന്നതായി പൊലീസ് അഡീഷണല്‍ സൂപ്രണ്ട് സന്‍സാര്‍ സിങ് പറഞ്ഞു. പ്രതികളെ രണ്ട് പേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. പരാതിക്കാരിയെ ഉപദ്രവിച്ചെന്ന ആരോപണം അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് അന്വേഷിക്കും. സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...