ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെയാണ് മണ്ഡല പുനർ നിര്‍ണയത്തിന് സമിതിയെ ചുമതലപ്പെടുത്തിയത്. ഈ സമിതി മെയ് ആറിന് അന്തിമ റിപ്പോർട്ട് നല്‍കാനിരിക്കെയാണ് തെരഞ്ഞെടുപ്പ് ചർച്ചകള്‍ സജീവമാകുന്നത്.

ശ്രീനഗര്‍: മണ്ഡല പുനര്‍നിര്‍ണയം പൂര്‍ത്തിയാകാനിരിക്കെ ജമ്മുകശ്മീരില്‍ (Jammu and Kashmir) തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങള്‍ക്ക് തയ്യാറെടുത്ത് രാഷ്ട്രീയപാര്‍ട്ടികള്‍. മെയ് ആറിന് മണ്ഡലം പുനര്‍നിര്‍ണയം പൂര്‍ത്തിയായ ശേഷം സുരക്ഷ വിലയിരുത്തിയാകും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുക. ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെയാണ് മണ്ഡല പുനർ നിര്‍ണയത്തിന് സമിതിയെ ചുമതലപ്പെടുത്തിയത്. ഈ സമിതി മെയ് ആറിന് അന്തിമ റിപ്പോർട്ട് നല്‍കാനിരിക്കെയാണ് തെരഞ്ഞെടുപ്പ് ചർച്ചകള്‍ സജീവമാകുന്നത്. മണ്ഡല പുനര്‍നിര്‍ണയത്തിന്‍റെ കരടിന്മേല്‍ അഭിപ്രായങ്ങള്‍ സമര്‍പ്പിക്കാന്‍ മാര്‍ച്ച് 21 വരെ സമയം നല്‍കിയിട്ടുണ്ട്. 

ലോകസഭ മണ്ഡലങ്ങള്‍ അഞ്ചാക്കി നിലനിര്‍ത്തുമ്പോള്‍ തന്നെ മണ്ഡല പുനർനിര്‍ണയം പൂര്‍ത്തിയാകുമ്പോള്‍ നിയമസഭ മണ്ഡലങ്ങള്‍ 83 ല്‍ നിന്ന് 90 ആയി ഉയര്‍ന്നേക്കും. ആറ് മണ്ഡലങ്ങള്‍ ജമ്മുവിലും ഒരു മണ്ഡലം കശ്മീരിലും പുതിയതായി വരും. നടപടി ക്രമങ്ങള്‍ പൂ‍ർത്തിയാകുമ്പോഴേക്കും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്നാണ് ബിജെപി കേന്ദ്ര നേതൃത്വം സംസ്ഥാനത്തെ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നല്‍കിയിരിക്കുന്ന നിര്‍ദേശം.

ഈ മാസം ഏഴിന് ജമ്മുകശ്മീരിലെത്തി ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ചും നഡ്ഡ കുടിയോലനകള്‍ നടത്തി. ശക്തമായ സാന്നിധ്യമായി ഉണ്ടാകുമെന്നും ബിജെപിയെ തോല്‍പ്പിക്കുമെന്നുമാണ് പിഡിപി നേതാവ് മെഹബൂബ മുഫ്തിയുടെ പ്രതികരണം. ഈ വര്‍ഷം അവസാനം ഹിമാചല്‍പ്രദേശിലും ഗുജറാത്തിലും നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. അതോടൊപ്പം തന്നെ ജമ്മുകശ്മീരിലു തെരഞ്ഞെടുപ്പ് ഉണ്ടാകുമോയെന്നതാണ് അറിയേണ്ടത്.