ലക്നൗ: രാഷ്ട്രീയക്കാരെ സംബന്ധിച്ച് വി​ദ്യാഭ്യാസം പ്രധാനപ്പെട്ട ഘടകമല്ലെന്ന് ഉത്തർപ്രദേശ് ജയിൽ മന്ത്രി ജെ.കെ സിങ്. അവർ ദീർഘവീക്ഷണം ഉള്ളവരായാൽ മാത്രം മതിയെന്നും നേതാക്കൾക്ക് വിദ്യാസമ്പന്നരായിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓരോ വകുപ്പുകളിലും ജോലികൾ കൃത്യമായി ചെയ്ത് തീർക്കാൻ മന്ത്രിമാർക്ക് കീഴിൽ സെക്രട്ടറിമാരടക്കം വിവിധ ജീവനക്കാരുണ്ടെന്നും മന്ത്രി പറഞ്ഞു. സീതാപൂരിലെ സേത് റാം ഗുലാം പട്ടേൽ മെമ്മോറിയൽ കോളജിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയ നേതാക്കൾ വിദ്യാസമ്പന്നരാകേണ്ട ആവശ്യമില്ല. ഞാനൊരു മന്ത്രിയാണ്. എനിക്ക് കീഴിൽ കാര്യങ്ങൾ ചെയ്ത് തീർക്കാൻ സെക്രട്ടറിമാരും നിരവധി ജോലിക്കാരുമുണ്ട്. ജയിൽ മന്ത്രിയെന്ന നിലയിൽ ഭരണനിർവഹണത്തിന് ഞാൻ ജയിലിലേക്ക് നേരിട്ട് പോകേണ്ട ആവശ്യമില്ല. അവിടെ ജയിൽ സൂപ്രണ്ടുണ്ട്. അദ്ദേഹത്തിന്റെ കീഴിൽ മറ്റുള്ള ജീവനക്കാർ ജയിൽ പ്രവർത്തനം സു​ഗമമായി നടത്തും. രാഷ്ട്രീയ നേതാക്കൾ ദീർഘവീക്ഷണമുള്ളവരായിരുന്നാൽ മതി ’- മന്ത്രി വ്യക്തമാക്കി. മന്ത്രിയുടെ പ്രസം​ഗത്തിന്റെ വീഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

സമൂഹത്തിലെ വിദ്യാസമ്പന്നരായവര്‍ വിദ്യാഭ്യാസമില്ലാത്തവരെക്കുറിച്ച് തെറ്റായ ധാരണവെച്ചു പുലര്‍ത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശിലെ സേത് റാം ഗുലാം പട്ടേല്‍ മെമോറിയല്‍ ഇന്റേര്‍ണ്‍ കോളേജില്‍ വെച്ച് നടന്ന പരിപാടിയില്‍ പങ്കെടുക്കവെയാണ് മന്ത്രിയുടെ പരാമര്‍ശം. നിരവധി പേർ മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ രം​ഗത്ത് വന്നിട്ടുണ്ട്.