ദില്ലി: ദില്ലിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പോളിംഗ് ഉദ്യോഗസ്ഥന്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു. ബബർപൂർ പോളിംഗ് ബൂത്തിൽ നിയമിച്ചിരുന്ന തെരഞ്ഞെടുപ്പ് ഓഫീസറായ ഉദ്ദം സിംഗാണ് മരിച്ചത്. ഹൃദയാഘാതം മൂലം ആയിരുന്നു മരണമെന്നാണ് പ്രാഥമിക വിവരം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അതേസമയം ദില്ലിയില്‍ പോളിംഗ് പുരോഗമിക്കുകയാണെങ്കിലും രണ്ട് ബൂത്തുകളിൽ ഇത് വരെ പോളിംഗ് തുടങ്ങാൻ ആയില്ല.യമുന വിഹാർ, ലോധി എസ്റ്റേറ്റ്ലെയും ബൂത്തുകളിൽ ആണ് പോളിംഗ് തുടങ്ങാനാകാത്തത്‌. മെഷീന്‍ തകരാറുമൂലമാണ് വോട്ടിംഗ് ആരംഭിക്കാന്‍ കഴിയാത്തത്. 

വലിയ സുരക്ഷയ്ക്ക് നടുവിലാണ് രാജ്യതലസ്ഥാനത്ത് വോട്ടിംഗ് നടക്കുന്നത്. മന്ദഗതിയിലാണ് വോട്ടിംഗ് ആരംഭിച്ചത്. രാഷ്ട്രീയ -സാമൂഹിക- സിനിമ തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖരടക്കം തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനായി പോളിംഗ് ബൂത്തിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്. 

ഒരു കോടി 47 ലക്ഷം വോട്ടര്‍മാരാണ് ദില്ലിയുടെ വിധിയെഴുതുക. 672 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. കനത്ത സുരക്ഷയാണ് രാജ്യതലസ്ഥാനത്ത് എങ്ങും. ദില്ലി പോലീസിലെ നാൽപതിനായിരത്തിലധികം ഉദ്യോഗസ്ഥരും 190 കമ്പനി സായുധസേനയും 19,000 ഹോംഗാര്‍ഡുകളുമാണ് സുരക്ഷയ്ക്കായുള്ളത്. സമീപകാലത്ത് കണ്ട ഏറ്റവും വാശിയേറിയ തെരെഞ്ഞെടുപ്പാണ് ഇത്തവണ ദില്ലിയില്‍. എഎപിയും ബിജെപിയും ശക്തമായ പ്രചാരണമാണ് ഓരോ മണ്ഡലത്തിലും നടത്തിയത്.