ദില്ലി: മനുഷ്യായുസ്സ് കുറയുന്നതും പരിസ്ഥിതി മലിനീകരണവും തമ്മില്‍ ബന്ധമില്ലെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍. '' ഇന്ത്യയിലെ ഒരു പഠനവും പരിസ്ഥിതി മലിനീകരണം മനുഷ്യായുസ്സ് കുറയ്ക്കുമെന്ന് പറഞ്ഞിട്ടില്ല. ആളുകള്‍ക്കിടയില്‍ പരിഭ്രാന്തി പരത്താതിരിക്കാം.'' പ്രകാശ് ജാവദേക്കര്‍ വെള്ളിയാഴ്ച പാര്‍ലമെന്‍റില്‍ പറഞ്ഞു. 

മലിനീകരണം കൂടുന്നത് മരണത്തിനും ആയുസ്സ് കുറയുന്നതിനും കാരണമാകുമെന്ന നിരവധി പഠനങ്ങള്‍ നിലനില്‍ക്കെയാണ് മന്ത്രിയുടെ വാക്കുകള്‍. ചില പഠനങ്ങള്‍ കേന്ദ്രസര്‍ക്കാരിന്‍റെ മേല്‍നോട്ടത്തില്‍ നടത്തിയവയാണ്. 

ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ് ഡിസീസ് സ്റ്റഡീസ് 2017 ല്‍ നടത്തിയ പഠനത്തില്‍ 2017ല്‍ ഇന്ത്യയിലെ ആകെ മരണത്തിന്‍റെ 12.5 ശതമാനവും മലിനീകരണത്തിന്‍റെ ഫലമാണെന്ന് വ്യക്തമാക്കുന്നു. 

''2017 ല്‍ ഇന്ത്യയില്‍ 1240000 പേര്‍ മരിച്ചതില്‍ 12.5 ശതമാനം മരണം വായും മലിനീകരണം കാരണമാണ്'' - പഠനം പറയുന്നു. ഇതില്‍ തന്നെ 51.4 ശതമാനം പേരും 70 വയസ്സിനും താഴെയുള്ളവരാണ്. 

ബില്‍ ആന്‍റ് മെലിന്‍റ ഗേറ്റ്സ് ഫൗണ്ടേഷനും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും സംയുക്തമായി നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമാക്കുന്നത്.  ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.