Asianet News MalayalamAsianet News Malayalam

പൊങ്കൽ ഉത്സവത്തിന് നാളെ തുടക്കം; വർണാഭമായ ആഘോഷമാക്കാൻ തമിഴ്നാട്

തൈമാസപ്പിറവിയാണ് തമിഴ്നാട്ടിലെ ഏറ്റവും വലിയ ഉത്സവകാലം. മലയാളിക്ക് ഓണം പോലെ തമിഴന്‍റെ വിളവെടുപ്പുൽസവും. മണ്ണിലെറിഞ്ഞതെല്ലാം പൊന്നായി തിരികെ തന്ന സൂര്യദേവനുള്ള നന്ദി സമർപ്പണമാണ് ഈ ആഘോഷം

Ponkal festival at Tamilnadu to start 15th January
Author
First Published Jan 14, 2023, 9:35 AM IST

ചെന്നൈ: തമിഴ്നാടിന്‍റെ വിളവെടുപ്പുൽസവമായ പൊങ്കൽ നാളെ തുടങ്ങും. കൊവിഡ് വ്യാപനത്തിൽ മൂന്ന് വർഷം മുടങ്ങിയ പൊങ്കൽ ആഘോഷം ഇത്തവണ മുമ്പത്തേക്കാളും വർണാഭമായി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് തമിഴ്നാട്. നാടും നഗരവും തെരുവുകളും അങ്ങാടികളുമൊക്കെ പൊങ്കലിന് ഒരുങ്ങുകയാണ്.

തൈമാസപ്പിറവിയാണ് തമിഴ്നാട്ടിലെ ഏറ്റവും വലിയ ഉത്സവകാലം. മലയാളിക്ക് ഓണം പോലെ തമിഴന്‍റെ വിളവെടുപ്പുൽസവും. മണ്ണിലെറിഞ്ഞതെല്ലാം പൊന്നായി തിരികെ തന്ന സൂര്യദേവനുള്ള നന്ദി സമർപ്പണമാണ് ഈ ആഘോഷം. ഓണത്തിന് നേന്ത്രക്കുല എന്ന പോലെയാണ് തമിഴ്നാട്ടിൽ പൊങ്കലിന് സെങ്കരിമ്പ്. വർണാഭമായ കോലം വരച്ച്, കരിമ്പിൻ തണ്ടുകൾ ചേർത്തുവച്ച് അതിന് കീഴെ അരിയും പഴവും ശർക്കരയും പാലിൽ നേദിച്ച് മൺപാനയിൽ മധുരപ്പൊങ്കലുണ്ടാക്കും. പൊങ്കൽപ്പാനകൾക്ക് മീതെ കെട്ടിവയ്ക്കാനാണ് ഈ മഞ്ഞൾച്ചെടികൾ. പരാശക്തിയുടെ പ്രതീകമാണ് മഞ്ഞളെന്ന് ദ്രാവിഡ വിശ്വാസം.

നിരത്തിലെല്ലാം പൊങ്കൽപ്പാന കച്ചവടക്കാർ. രണ്ടുവർഷം പണി മുടങ്ങിയതിന്‍റെ നഷ്ടം തീരുന്ന കച്ചവടം ഇക്കുറി കിട്ടുന്നുണ്ട്. മൺകലങ്ങളിൽ നിറക്കൂട്ടുകൾ വരയ്ക്കുന്ന മുഖങ്ങളിൽ നിറവിന്‍റെ ചിരി. കരിമ്പും മഞ്ഞളും കായ്‍കറികളും മറ്റവശ്യ സാധനങ്ങളുമെല്ലാം വാങ്ങാൻ നിരത്തുകളിൽ ആൾത്തിരക്കാണ്. എല്ലാം അടുപ്പിക്കാൻ ഇന്നൊരു ദിവസം കൂടി ബാക്കി. മാർഗഴിയുടെ അവസാന ദിവസമായ ഇന്ന് നിർഭാഗ്യത്തെ കുടിയിറക്കി പാഴ്വസ്തുക്കൾക്ക് തീയിടുന്ന ബോഗി പൊങ്കലാണ്. നാളെ തൈപ്പൊങ്കൽ, പിന്നീട് കൃഷിയിടത്തിൽ സഹായിച്ച മാടുകളുടെ ദീർഘായുസിനും ആരോഗ്യത്തിനുമായി ആചരിക്കുന്ന മാട്ടുപ്പൊങ്കൽ, പിന്നെ ബന്ധുവീടുകൾ സന്ദർശിക്കുന്ന കാണുംപൊങ്കൽ. തമിഴന്‍റെ വീരവിളയാട്ടമായ ജല്ലിക്കെട്ട് മത്സരങ്ങൾക്കും പൊങ്കലോടെ തുടക്കമാകും.

Follow Us:
Download App:
  • android
  • ios