ദില്ലി: മരടിലെ ഫ്ലാറ്റ് പ്രശ്നത്തില്‍  ഇടപെടില്ലെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ വ്യക്തമാക്കി. പ്രശ്നത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ പരിഹാരം കാണണമെന്നും അദ്ദേഹം പറഞ്ഞു.

ഫ്ലാറ്റുകള്‍ നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയത് സംസ്ഥാന സര്‍ക്കാരാണ്. ഇതു സംബന്ധിച്ച കേസില്‍ പരിസ്ഥിതി മന്ത്രാലയം കക്ഷിയല്ല. ഇതുവരെ സുപ്രീംകോടതി പരിസ്ഥിതി മന്ത്രാലയത്തോട് ഒന്നും ചോദിച്ചിട്ടുമില്ല. നിയമലംഘനം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും പ്രകാശ് ജാവ്ദേക്കര്‍ പറഞ്ഞു.

 മരട് വിഷയത്തില്‍ സംസ്ഥാനസര്‍ക്കാരാണ് ഉചിതമായ തീരുമാനമെടുക്കേണ്ടതെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരനും അഭിപ്രായപ്പെട്ടിരുന്നു. ഫ്ലാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കണം. ഫ്ലാറ്റ് നിര്‍മ്മാതാക്കള്‍ക്ക് കെട്ടിടം പണിയാന്‍ അനുമതി നല്‍കിയവരെ പ്രോസിക്യൂട്ട് ചെയ്യണം. വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടിരുന്നു.