ദില്ലി: നിരുപാധികം മാപ്പ് പറയാൻ കോടതി നിർബന്ധിച്ചുവെന്ന് പ്രശാന്ത് ഭൂഷണിന്‍റെ അഭിഭാഷകൻ രാജീവ് ധവാൻ. പ്രശാന്ത് ഭൂഷന്‍റെ അഭിഭാഷകൻ രാജീവ് ധവാൻ. കോടതിയോടുള്ള ഉത്തരവാദിത്തമാണ് പ്രശാന്ത് ഭൂഷൺ നിർവഹിച്ചതെന്ന് രാജീവ് ധവാന്‍റെ വാദം. കോടതിയോട് എന്തെങ്കിലും ബഹുമാനക്കുറവ് പ്രശാന്ത് ഭൂഷൺ കാണിച്ചിട്ടില്ലെന്നും വിമർശനങ്ങൾക്ക് അതീതമല്ല കോടതിയെന്നും ധവാൻ വാദിക്കുന്നു. 

പ്രശാന്ത് ഭൂഷണ്‍  കുറ്റക്കാരനെന്ന് കണ്ടെത്തിയ വിധിയിൽ വൈരുധ്യങ്ങള്‍ ഉണ്ടെന്ന് ധവാൻ വാദിച്ചു. വിധിയിൽ അര്‍ധസത്യങ്ങളും  കടന്ന് കൂടിയതായി വാദിച്ച ധവാൻ ആഗസ്ത് ഇരുപതിലെ വിധി നിരുപാധിക മാപ്പിന് നിര്‍ബന്ധിക്കുന്നതാണെന്ന് വാദിച്ചു. അതൊരു ബലപ്രയോഗരീതിയിലുള്ള നടപടിയാണെന്നും ഇത് തെറ്റാണെന്നും രാജീവ് ധവാൻ ചൂണ്ടിക്കാട്ടി.  

ഒരു അഭിഭാഷകനെന്ന നിലയിലുള്ള ആശങ്കയാണ് ഭൂഷണ്‍ പ്രകടിപ്പിച്ചതെന്നായിരുന്നു ധവാന്‍റെ വാദം. ഉത്തമ ബോധ്യത്തോടെയുള്ള ഭൂഷണിന്‍റെ വിശ്വാസങ്ങളെ മറ്റാര്‍ക്കും മാറ്റാനാവില്ല. കോടതിയോട് ആത്മാര്‍ഥതയുള്ളതു കൊണ്ടാണ് കോടതിയെ വിമര്‍ശിക്കുന്നതെന്നും കോടതിയോടുള്ള ഉത്തരവാദിത്തമാണ് ഭൂഷണ്‍  നിര്‍വഹിച്ചതെന്നുമാണ് രാജീവ് ധവാന്‍റെ വാദം. ഭൂഷണിന്‍റെ പ്രസ്താവന പൂര്‍ണമായി വായിച്ചാൽ ഇത് ബോധ്യമാകുമെന്നും കോടതിയോട് ബഹുമാനക്കുറവ് ഭൂഷണ്‍  കാട്ടിയിട്ടില്ലെന്നും ധവാൻ വിശദീകരിച്ചു. വിമര്‍ശനങ്ങളെ കോടതി സ്വാഗതം ചെയ്യണം, ഉത്തരവാദിത്തത്തോടെയുള്ള വിമര്‍ശനം ഉന്നയിക്കുക എല്ലാവരുടെയും കടമയാണ്. കോടതി  വിമര്‍ശനങ്ങള്‍ക്ക് അതീതമല്ല.

ക്രിയാത്മകമായ വിമർശനങ്ങൾ കോടതിയെ സഹായിക്കുകയേ ഉള്ളുവെന്നും രാജീവ് ധവാൻ വിശദീകരിച്ചു. ജസ്റ്റിസ് കുര്യൻ ജോസഫ്, ജസ്റ്റിസ് മദൻ ലോകുർ എന്നിവരും കോടതിയലക്ഷ്യം കാട്ടിയോ എന്ന് ചോദിച്ച രാജീവ് ധവാൻ അവരും സമാന പ്രസ്താവന നൽകിയിരുന്നതായി കോടതിയെ ഓർമ്മിപ്പിച്ചു. ഭൂഷൺ പ്രസ്താവന പിൻവലിക്കുന്നിലെന്നും സത്യവാങ്മൂലം പിൻവലിക്കില്ലെന്നും രാജീവ് ധവാൻ വ്യക്തമാക്കി.