ദില്ലി: കോടതി അലക്ഷ്യ കേസിൽ, വിധി അനുസരിച്ച് ഒരു രൂപ പിഴ അടയ്ക്കുമെന്ന്  പ്രശാന്ത് ഭൂഷണ്‍. കോടതി വിധിക്കെതിരെ നിയമപോരാട്ടങ്ങൾ തുടരുമെന്നും  പുനപരിശോധന ഹർജിയും തിരുത്തൽ ഹർജിയും നല്‍കുമെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. സത്യം വിജയിക്കുമെന്ന ആത്മവിശ്വാസമുണ്ട്. ജനങ്ങളുടെ അവസാന പ്രതീക്ഷയാണ് സുപ്രീംകോടതി. കോടതി ദുർബലമായാൽ രാജ്യത്തെ ഓരോ പൗരനെയും അത് ബാധിക്കും. കോടതി അലക്ഷ്യ കേസ് അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരെയായിരുന്നെന്നും വാര്‍ത്താ സമ്മേളനത്തില്‍ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

കോടതി അലക്ഷ്യ കേസിൽ അഭിഭാഷകൻ പ്രശാന്ത് ഭൂഷണിന് ഒരു രൂപ പിഴ ശിക്ഷയാണ് സുപ്രീംകോടതി വിധിച്ചത്. സെപ്റ്റംബര്‍ 15നകം പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം ജയിൽവാസം അനുഭവിക്കണം. മൂന്ന് വര്‍ഷത്തേക്ക് അഭിഭാഷകനായി പ്രവര്‍ത്തിക്കാനും ആകില്ല. അറ്റോര്‍ണി ജനറൽ ഉൾപ്പടെയുള്ളവരുടെ അഭ്യര്‍ത്ഥന അംഗീകരിക്കുന്നു എന്ന് വ്യക്തമാക്കിയാണ് കോടതി വിധി പുറപ്പെടുവിച്ചത്. കോടതി വിധിക്ക് പിന്നാലെ  ഒരുരൂപ ഉയര്‍ത്തിപ്പിടിച്ചുള്ള പ്രശാന്ത് ഭൂഷണിന്‍റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. 

Read More: കോടതി അലക്ഷ്യ കേസ്: പ്രശാന്ത് ഭൂഷണിന് ഒരു രൂപ പിഴ ശിക്ഷ; അടച്ചില്ലെങ്കിൽ ജയിൽ വാസം...