ദില്ലി: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട യാസ് ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരത്തോടെ അതീതീവ്ര ചുഴലിക്കാറ്റായി മാറും. നിലവിൽ ഒഡീഷയിലെ ബലോസറിൽ നിന്ന് 510 കിലോമീറ്ററർ അകലെയാണ് ചുഴലിക്കാറ്റ്. നാളെ വൈകുന്നേരത്തോടെ 185 കിലോമീറ്റർ വേഗത്തിൽ യാസ് കര തൊടുമെന്നാണ് പ്രവചനം.ബംഗാൾ ഉൾക്കടൽ തീരത്ത് എത്തുന്ന ചുഴലിക്കാറ്റിനെ നേരിടാൻ വലിയ തയ്യാറെടുപ്പിലാണ് കേന്ദ്രവും സംസ്ഥാനങ്ങളും. കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷായുടെ നേത്യതൃത്തിൽ ഉന്നതലയോഗം തയ്യാറെടുപ്പുകൾ വിലയിരുത്തിയാണ് നടപടികൾ മുന്നോട്ട് പോകുന്നത്.

പശ്ചിമബംഗാൾ, ഒഡീഷ, ആന്ധ്ര സംസ്ഥാനങ്ങളിൽ യാസിനെ നേരിടാനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. ബംഗാളില്‍ താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും ഒഡീഷയിൽ തീരദേശ ജില്ലകളിൽ നിന്നും ആളുകളെ മാറ്റിത്തുടങ്ങി. സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്തിയ ആഭ്യന്തരമന്ത്രി അമിത് ഷാ സമയബന്ധിതമായ  ഒഴിപ്പിക്കൽ നടപടി പൂർത്തിയാക്കണമെന്ന് നിർദ്ദേശം നൽകി. കിഴക്കൻ തീരങ്ങളിൽ പ്രവർത്തിക്കുന്ന ഓക്സിജൻ പ്ലാറ്റുകൾക്ക് കേടുപാടുകൾ സംഭവിക്കാതെയിരിക്കാൻ നടപടി ഉറപ്പാക്കണമെന്നും നിർദേശിച്ചു.

ആഭ്യന്തരമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ പശ്ചിമ ബംഗാൾ, ഒഡീഷ, ആന്ധ്ര, സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരും അന്തമാൻ നിക്കോബാർ ലഫ്.ഗവർണറും പങ്കെടുത്തു. കര, നാവിക വ്യോമസേനകളും കോസ്റ്റ് ഗാർഡും രക്ഷപ്രവർത്തനത്തിനായി രംഗത്തുണ്ട്. ആറ് സംസ്ഥാനങ്ങളിലായി ദുരന്തനിവാരണ സേനയുടെ 100 സംഘങ്ങളെ  വിന്യസിച്ചു. ചുഴലിക്കാറ്റ് രൂപം കൊണ്ടതോടെ ഒഡീഷ, പശ്ചിമ ബംഗാൾ, അന്തമാൻ തീരത്ത് കനത്ത മഴയാണ്. ജാർഖണ്ഡ്, ബീഹാർ ,അസം സിക്കിം സംസ്ഥാനങ്ങളിലും മഴ മുന്നറിയിപ്പുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona