Ukraine Crisis : യുക്രൈൻ രക്ഷാദൗത്യം വിലയിരുത്താനാണ് യോഗം. കേന്ദ്രസര്‍ക്കാരിന്‍റെ യുക്രൈന്‍ ദൗത്യത്തിനെതിരെ വിമർശനങ്ങൾ ശക്തമാകുന്നതിനിടെയാണ് യോഗം വിളിച്ചിരിക്കുന്നത്.
ദില്ലി: യുക്രൈനിലെ (Ukraine Crisis) ഇന്ത്യൻ വിദ്യാർത്ഥികൾ കൂടുതൽ ദുരിതത്തിലായെന്ന വാർത്തകൾ പുറത്തുവരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി (PM Modi) വീണ്ടും ഉന്നതതല യോഗം വിളിച്ചു. യുക്രൈൻ രക്ഷാദൗത്യം (Operation Ganga) വിലയിരുത്താനാണ് യോഗം. കേന്ദ്രസര്‍ക്കാരിന്‍റെ യുക്രൈന്‍ ദൗത്യത്തിനെതിരെ വിമർശനങ്ങൾ ശക്തമാകുന്നതിനിടെയാണ് യോഗം വിളിച്ചിരിക്കുന്നത്.
റഷ്യൻ ആക്രമണത്തിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ട വാർത്ത പുറത്തുവന്നതിന് പിന്നാലെ കോൺഗ്രസ് രൂക്ഷവിമർശനമാണ് കേന്ദ്രസർക്കാരിനെതിരെ ഉയർത്തിയത്. രക്ഷാദൗത്യത്തിനായി സർക്കാരിന് വ്യക്തമായ പദ്ധതിയില്ലെന്ന് കോൺഗ്രസ് വിമർശിച്ചു. മോദി സർക്കാർ യുവാക്കളെ ഉപേക്ഷിച്ചു. യുക്രൈനിലെ വിദ്യാർത്ഥികളെ മന്ത്രി പ്രഹ്ലാദ് ജോഷി അപമാനിച്ചു. രക്ഷാപ്രവർത്തനമല്ല, നടക്കുന്നത് പ്രചാരണം മാത്രമെന്നും കോൺഗ്രസ് വിമർശിച്ചു. വിദ്യാർത്ഥിയുടെ മരണത്തിൽ രാഹുൽ ഗാന്ധി അനുശോചിച്ചു. ഓരോ മിനിറ്റും വിലപ്പെട്ടതാണ്. വിദ്യാർഥികളെ സുരക്ഷിതമായി രക്ഷപ്പെടുത്താൻ സർക്കാരിന് വ്യക്തമായ പദ്ധതി വേണമെന്നും രാഹുൽ അഭിപ്രായപ്പെട്ടു.
കേന്ദ്രസര്‍ക്കാരിന്‍റെ യുക്രൈന്‍ ദൗത്യത്തിനെതിരെ ബിജെപി എം പി വരുണ്‍ ഗാന്ധി ഇന്നലെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഉചിതമായ സമയത്ത് നടപടിയുണ്ടായില്ലെന്ന് വരുണ്‍ ഗാന്ധി കുറ്റപ്പെടുത്തി. യുക്രൈനിലെ ദുരിതം ഒരു വിദ്യാര്‍ത്ഥി വിവരിക്കുന്ന വിഡിയോ ട്വിറ്ററില്‍ പങ്കുവച്ചാണ് വരുണ്‍ ഗാന്ധി കേന്ദ്ര സര്‍ക്കാരിനെ ചോദ്യം ചെയ്തത്. സര്‍ക്കാര്‍ നല്‍കിയ നമ്പറില്‍ വിളിച്ചാല്‍ ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥന്‍ ഫോണെടുക്കുന്നില്ല. കുടുങ്ങി കിടക്കുന്ന സ്ഥലത്ത് നിന്ന് 800 കിലോമീറ്റര്‍ അകലെയുള്ള അതിര്‍ത്തിയിലെത്താനാണ് പറയുന്നത്. അവിടേക്ക് എത്താന്‍ കഴിയുന്നില്ലെന്നും വിദ്യാര്‍ത്ഥി നിരാശപ്പെടുന്നു. . കുടുങ്ങി കിടക്കുന്നവരെ തിരികെ എത്തിക്കുന്നത് ഔദാര്യമല്ലന്നും കടമയാണെന്നും സര്‍ക്കാര്‍ ഓര്‍ക്കണമെന്ന വിമര്‍ശനമാണ് വിഡിയോ ചൂണ്ടിക്കാട്ടി വരുണ്‍ ഗാന്ധി ഉന്നയിച്ചത്. പതിനയ്യായിരത്തിലധികം പേര്‍ ഇനിയും കുടുങ്ങി കിടക്കുമ്പോള്‍ അവസരം മുതലെടുക്കാനല്ല സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും വരുണ്‍ ഗാന്ധി കുറ്റപ്പെടുത്തി.
ഇന്ത്യൻ പൗരൻമാരുടെ ഒഴിപ്പിക്കൽ ദ്രുതഗതിയിലാക്കി കേന്ദ്രസർക്കാർ
റഷ്യൻ സൈന്യം യുക്രൈൻ അധിനിവേശം കടുപ്പിച്ചതിന് പിന്നാലെ യുക്രൈനിലും തലസ്ഥാനമായ കീവിലുമുള്ള ഇന്ത്യൻ പൗരൻമാരുടെ ഒഴിപ്പിക്കൽ കേന്ദ്രസർക്കാർ ദ്രുതഗതിയിലാക്കിയിരുന്നു. യുക്രൈൻ ഒഴിപ്പിക്കൽ ദൗത്യത്തിൽ പങ്കെടുക്കാൻ വ്യോമസേനയ്ക്ക് പ്രധാനമന്ത്രി നിർദേശം നൽകി. വ്യോമസേനയുടെ ട്രാൻസ്പോർട്ട് വിമാനങ്ങളെ ഉപയോഗിച്ച് യുക്രൈൻ ഒഴിപ്പിക്കൽ അതിവേഗത്തിലാക്കാനാണ് കേന്ദ്രസർക്കാരിൻ്റെ നീക്കം. ഇന്ത്യൻ വ്യോമസേനയുടെ സി17 വിമാനങ്ങളാവും ദൗത്യത്തിനായി ഉപയോഗിക്കുക. യുക്രൈനും യുക്രൈൻ അഭയാർത്ഥികൾ അഭയം പ്രാപിച്ച സമീപരാജ്യങ്ങൾക്കും മരുന്നും മറ്റു സഹായങ്ങളും നൽകുമെന്ന് ഇന്ത്യ നേരത്തെ അറിയിച്ചിരുന്നു.
മരുന്നുകളും മറ്റു സാമാഗ്രഹികളും കൈമാറാൻ സി17 വിമാനങ്ങൾ ഇന്ത്യ അങ്ങോട്ട് അയക്കുന്നുണ്ട്. സഹായങ്ങളുമായി വിവിധ രാജ്യങ്ങളിലേക്ക് പോകുന്ന സി17 വിമാനങ്ങൾ അവിടെ കുടുങ്ങിയ ഇന്ത്യക്കാരുമായി തിരിച്ചു വരാനാണ് പദ്ധതിയിടുന്നത്. നിലവിൽ സ്വകാര്യ എയർലൈൻ കമ്പനികളായ എയർഇന്ത്യ, സ്പൈസ് ജെറ്റ്, ഇൻഡിഗോ എന്നീ വിമാനക്കമ്പനികൾ യുക്രൈൻ്റെ അതിർത്തി രാജ്യങ്ങളിലേക്ക് ഇന്ത്യക്കാരെ കൊണ്ടുവരാനായി സർവ്വീസ് നടത്തുന്നുണ്ട്. അടുത്ത രണ്ട് ദിവസത്തിനകം 23 സർവ്വീസുകൾ കൂടി ഈ കമ്പനികൾ നടത്തും
ഇതോടൊപ്പമായിരിക്കും വ്യോമസേനാ വിമാനങ്ങളുടെ സർവ്വീസ്. ഇന്നും നാളെയുമായി പ്രധാനമന്ത്രി ചുമതലപ്പെടുത്തിയ കേന്ദ്രമന്ത്രിമാർ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ വിവിധ രാജ്യങ്ങളിലേക്ക് പോകുന്നുണ്ട്. സ്വകാര്യ വിമാനക്കമ്പനികളെ ഉപയോഗിച്ച് മാത്രം യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ മൊത്തം തിരിച്ചെത്തിക്കാൻ സാധിക്കില്ല എന്ന് വ്യക്തമായതോടെയാണ് വ്യോമസേനയെ കൂടി രംഗത്ത് ഇറക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.
കേന്ദ്ര സർക്കാരിൽ നിന്ന് അവസാന നിർദ്ദേശത്തിനായി കാത്തിരിക്കുകയാണെന്ന് വ്യോമസേന വൃത്തങ്ങൾ അറിയിച്ചു. രക്ഷാപ്രവർത്തനത്തിനായുള്ള സി 17 വിമാനങ്ങൾ യുക്രൈനിലേക്ക് പോകാൻ തയ്യാറാക്കി കഴിഞ്ഞു. ഇതിനായുള്ള നടപടികൾ പൂർത്തിയാക്കിയെന്നും വ്യോമസേന വൃത്തങ്ങൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അതേസമയം യുക്രൈൻ തലസ്ഥാനമായ കീവിൽ നിന്നും എത്രയും പെട്ടെന്ന് പുറത്തു കടക്കണമെന്ന് യുക്രൈനിലെ ഇന്ത്യൻ എംബസി പൗരൻമാരോട് ആവശ്യപ്പെട്ടു. വിദ്യാർത്ഥികൾ ഉൾപ്പെടെ എല്ലാ ഇന്ത്യൻ പൗരന്മാരും ഇന്ന് അടിയന്തിരമായി കൈവ് വിടണം എന്നാണ് എംബസി പുറത്തു വിട്ട നിർദേശം. ട്രെയിനുകൾ വഴിയോ മറ്റു ഏതെങ്കിലും വഴിയോ തലസ്ഥാനത്തിന് പുറത്ത് എത്താൻ നിലവിൽ കീവിലുള്ള എല്ലാ പൗരൻമാരും ശ്രമിക്കണമെന്ന് ഇന്ത്യൻ എംബസിയുടെ അറിയിപ്പിൽ പറയുന്നു.
