ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം കുതിച്ചുയരവേ കൊവിഡ് പരിശോധനയില്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍. ദ്രുതപരിശോധനയില്‍ നെഗറ്റീവെങ്കിലും ലക്ഷണമുണ്ടെങ്കില്‍ ആര്‍ടിപിസിആര്‍ നടത്തണമെന്നാണ് കേന്ദ്രത്തിന്‍റെ നിര്‍ദേശം. രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കൊവിഡിനെ ചെറുതായി കാണരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യര്‍ത്ഥിച്ചു. എല്ലാവരും മാസ്‍ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണമെന്നും പ്രധാനമന്ത്രി ഓര്‍മ്മപ്പെടുത്തി. 

രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 95,735 പേര്‍ രോഗികളായതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 44,65,863 ആയി ഉയര്‍ന്നു. ഇന്നലെ  1172 പേര്‍ മരിച്ചതോടെ ആകെ മരണം 75,000 കടന്നു. ഇതോടെ ഇതുവരെ മരണം 75,062 ആയി. 34,71,783 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. ഇനി ചികിത്സയിലുള്ളത് 9,1908 പേരാണ്.  കൂടുതല്‍ രോഗികളുള്ള മഹാരാഷ്ട്രയില്‍ ഒരാഴ്ചയ്ക്കിടെ ഒരു ലക്ഷം പുതിയ രോഗികളാണുണ്ടായത്. ഇന്നലെ മാത്രം 23,816 പേര്‍ രോഗികളായി. 

രാജ്യത്തെ പ്രതിദിന പരിശോധന വര്‍ധിച്ചു. 11.3  ലക്ഷം സാംപിളാണ് ഇന്നലെ പരിശോധിച്ചത്.  ഉത്തര്‍പ്രദേശില്‍ 1.44 ലക്ഷമായി പ്രതിദിന പരിശോധന ഉയര്‍ത്തിയിരുന്നു. ദില്ലിയില്‍ 50,000 ത്തില്‍ അധികം സാംപിള്‍ ഇന്നലെ പരിശോധിച്ചു.