Chennai Mayor : ചെന്നൈ നഗരസഭ രൂപീകരിച്ച ശേഷമുള്ള ചരിത്ര തീരുമാനമാണ് പ്രിയയുടെ മേയര്‍ പദവി. 333 വർഷത്തെ ചെന്നൈ കോർപ്പറേഷന്‍റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ദളിത് വനിത മേയറാകുന്നത്.
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയം അടിമുടി മാറ്റത്തിന്‍റെ പാതയിലാണ്. ഡിഎംകെ അധികാരത്തിലേറി എം കെ സ്റ്റാലിന്‍ മുഖ്യമന്ത്രിയായതോടെ വിപ്ലവകരമായ മാറ്റങ്ങളാണ് തമിഴ്നാട്ടില്‍ സംഭവിക്കുന്നത്. അതിലൊന്നാണ് ചെന്നൈയുടെ പുതിയ മേയര്‍. കന്നി അങ്കത്തില്‍ ജയിച്ച ഇരുപത്തിയെട്ടുകാരി ആര്‍ പ്രിയ എന്ന ദളിത് യുവതിയാണ് ചെന്നൈ നഗരസഭയുടെ പുതിയ മേയര്‍. ചെന്നൈ നഗരസഭ രൂപീകരിച്ച ശേഷമുള്ള ചരിത്ര തീരുമാനമാണ് പ്രിയയുടെ മേയര്‍ പദവി. 333 വർഷത്തെ ചെന്നൈ കോർപ്പറേഷന്‍റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ദളിത് വനിത മേയറാകുന്നത്.
ഇന്ന് നഗരസഭ ആസ്ഥാനത്തെത്തി ആര്‍ പ്രിയ ചെന്നൈയുടെ മേയറായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റി. കോര്‍പ്പറേഷന്‍ കമ്മീഷ്ണര്‍ ആയ ഗംഗദീപ് സിംഗ് ബേദി മേയറ്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ഡിഎംകെ മുതിര്‍ന്ന നേതാവും മന്ത്രിയുമായ ആര്‍കെ ശേഖര്‍, എംഎ സുബ്രഹ്മണ്യന്‍ എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയിരുന്നു. ചെന്നൈയുടെ മൂന്നാമത്തെ വനിതാ മേയറാണ് പ്രിയ. താരാ ചെറിയാനും കാമാക്ഷി ജയരാമനുമാണ് ഇതിന് മുമ്പ് മേയർ സ്ഥാനത്ത് എത്തിയ വനിതകൾ. വടക്കൻ ചെന്നൈയിലെ മംഗലപുരത്തെ 74-ാം വാർഡിൽ നിന്നാണ് എം കോം ബിരുദധാരിയായ പ്രിയ കന്നി അങ്കത്തില്‍ ജയിച്ചത്. കഴിഞ്ഞ ആഴ്ച നടന്ന തദ്ദേശതെരഞ്ഞെടുപ്പിന് മുന്നോടിയായി ജനുവരിയിൽ ചെന്നൈ മേയർ സ്ഥാനം പട്ടികജാതി വനിതയ്ക്ക് സംവരണം ചെയ്തു കൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതോടെയാണ് മേയര്‍ പദവി പ്രിയയ്ക്ക് ലഭിക്കുന്നത്.
18 വയസ്സ് മുതൽ പാർട്ടി കേഡറാണെങ്കിലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പ്രിയയുടെ ആദ്യ ചുവടായിരുന്നു തദ്ദേശ തെരഞ്ഞെടുപ്പ്. വടക്കൻ ചെന്നൈയില്‍ നിന്നും മേയർ പദവിയിലേക്ക് എത്തുന്ന ആദ്യ വനിത കൂടിയാണ് പ്രിയ ചെന്നൈ നഗരത്തിൻ്റെ പകിട്ടുകളിൽ നിന്നൊഴിഞ്ഞു നിൽക്കുന്ന ഒരു മേഖലയാണ് വടചെന്നൈ എന്നറയിപ്പെടുന്ന വടക്കൻ ചെന്നൈ. തമിഴ് സിനിമകളിൽ റൗഡികളുടേയും ഗുണ്ടകളുടേയും കോട്ടയായിട്ടാണ് ഈ പ്രദേശത്തെ പതിവായി ചിത്രീകരിക്കാറുള്ളത്.
എന്നാൽ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത അനവധി പ്രദേശങ്ങൾ വടക്കൻ ചെന്നൈയിലുണ്ട്. കുടിവെള്ളലഭ്യത, വൈദ്യുതിക്ഷാമം, ശുചിമുറികളുടെ അഭാവം,മോശം റോഡുകൾ തുടങ്ങി അനവധി പ്രശ്നങ്ങളാണ് മേഖലയിലെ ജനങ്ങൾ നേരിടുന്നത്. ഈ സാഹചര്യത്തിൽ വടക്കൻ ചെന്നൈയിൽ നിന്നും ഒരു യുവ മേയർ വരുന്നത് വലിയ പ്രതീക്ഷയോടെയാണ് നഗരവാസികളും കാണുന്നത്. താന്‍ പ്രതിനിധീകരിക്കുന്ന വട ചെന്നൈയിലെ ജനങ്ങള്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക എന്നതാകും മേയറെന്ന നിലയില്‍ പ്രിയ നേരിടുന്ന പ്രധാന വെല്ലുവിളിയും.
