ലക്നൗ: ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ ശമ്പളം വെട്ടിക്കുറയ്ക്കരുതെന്ന് ഉത്തർപ്രദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കൊവിഡ് എന്ന മാഹാമാരിയിൽ രോഗികളെ പരിചരിക്കുന്ന ഇവർക്ക് ആവശ്യമായ സുരക്ഷാ ഉപകരണങ്ങള്‍ നല്‍കുകയാണ് വേണ്ടതെന്നും പ്രിയങ്ക പറഞ്ഞു.

”ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ ഒരു ഘട്ടത്തില്‍ നമ്മുടെ പിന്തുണ ആവശ്യമാണ്. അവർ നമ്മുടെ ജീവൻ രക്ഷിക്കുന്നവരാണ്, നമുക്കുവേണ്ടി യോദ്ധാക്കളെപ്പോലെ കൊറോണയ്ക്കെതിരെ പോരാട്ടം നടത്താൻ മുന്നിട്ടിറങ്ങിയവരാണ്. ആവശ്യമായ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ നല്‍കാതെയും ശമ്പളം വെട്ടിക്കുറച്ചും വലിയ അനീതിയാണ് നഴ്സുമാരോടും ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവരോടും കാണിക്കുന്നത്” പ്രിയങ്ക ​ഗാന്ധി ട്വീറ്റ് ചെയ്തു.

”ഇത് ആരോഗ്യപ്രവർത്തകരോട് അന്യായം പ്രവർത്തിക്കാനുള്ള സമയമല്ല, മറിച്ച് അവരുടെ വാക്കുകൾക്ക് ചെവിയോർക്കാനുള്ള അവസരമെന്ന് ഞാൻ യുപി സർക്കാരിനെ ഓർമ്മിപ്പിക്കാൻ ആഗ്രഹിക്കുകയാണ്” പ്രിയങ്ക കൂട്ടിച്ചേർത്തു.

ആശുപത്രി അധികൃതര്‍ തങ്ങളുടെ ശമ്പളം വെട്ടിക്കുറക്കുന്നെന്നും ആവശ്യത്തിന് സുരക്ഷാ ഉപകരണങ്ങള്‍ നല്‍കുന്നില്ലെന്നും പറഞ്ഞ് ബന്ദ ജില്ലയിലുള്ള ഒരു ആശുപത്രിയിലെ മെഡിക്കല്‍ സ്റ്റാഫിന്റെ വീഡിയോയും പ്രിയങ്ക തന്റെ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.