പോഷകാഹാരക്കുറവ് മൂലം പെൺകുട്ടി മരിച്ച സംഭവത്തിന്റെ മാധ്യമറിപ്പോർട്ട് ചൂണ്ടിക്കാണിച്ച് ട്വിറ്ററിലൂടെയാണ് പ്രിയങ്കാ ഗാന്ധി വിമർശനമുന്നയിച്ചിരിക്കുന്നത്.
ദില്ലി: ഉത്തർപ്രദേശിൽ പോഷകാഹാരക്കുറവ് മൂലം കുട്ടി മരിച്ച സംഭവത്തിൽ യോഗി സർക്കാരിനെ കടന്നാക്രമിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിൽ വികസന പ്രവർത്തനങ്ങൾ വെറും 'കാട്ടിക്കൂട്ടൽ' മാത്രമാണെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. പോഷകാഹാരക്കുറവ് മൂലം പെൺകുട്ടി മരിച്ച സംഭവത്തിന്റെ മാധ്യമറിപ്പോർട്ട് ചൂണ്ടിക്കാണിച്ച് ട്വിറ്ററിലൂടെയാണ് പ്രിയങ്കാ ഗാന്ധി വിമർശനമുന്നയിച്ചിരിക്കുന്നത്.
''ഉത്തർപ്രദേശിലെ ബിജെപി സർക്കാർ കുട്ടികൾക്ക് ഉച്ചഭക്ഷണമായി നൽകുന്നത് വളരെ മോശം ഭക്ഷണമാണ്. കുട്ടികൾ തണുപ്പ് കൊണ്ട് വിറച്ചാൽ അവർക്ക് പുതയ്ക്കാനൊരു സ്വറ്റർ പോലും കൊടുക്കാനില്ല.'' പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു. ''പോഷകാഹാരക്കുറവ് മൂലം കുട്ടികള്‍ മരിക്കുകയാണ്. ഉത്തർപ്രദേശിലെ ബിജെപി സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെല്ലാം വെറും പ്രഹസനങ്ങൾ മാത്രമാണ്. എന്ത് തരത്തിലുള്ള ഭരണമാണ് അവർ നടത്തുന്നത്?'' പ്രിയങ്ക രോഷത്തോടെ ചോദിക്കുന്നു.
