കശ്മീരിലെ ജനതയുടെ ജനാധിപത്യാവകാശങ്ങള്‍ ഇല്ലാതാക്കുകയാണെന്നും ഇതിനെതിരെയുള്ള പ്രതിഷേധം അവസാനിപ്പിക്കില്ലെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.
ദില്ലി: കശ്മീര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ച് വീണ്ടും കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. രാഹുല്‍ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ കശ്മീര്‍ സന്ദര്‍ശനത്തിന് ശേഷമായിരുന്നു പ്രിയങ്കാ ഗാന്ധി സര്‍ക്കാറിനെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തത്. രാഹുല്‍ ഗാന്ധിയോട് കശ്മീര്‍ സ്വദേശി പരാതി പറയുന്ന ദൃശ്യങ്ങള്‍ പങ്കുവച്ചായിരുന്നു ട്വീറ്റ്.
കശ്മീരിന് പ്രത്യേക പദവി ഇല്ലാതാക്കിയ നടപടി ദേശവിരുദ്ധമാണെന്നും രാഷ്ട്രീയപ്രേരിതമാണെന്നും പ്രിയങ്കാ ഗാന്ധി ആരോപിച്ചു. എത്രകാലം ഇങ്ങനെ തുടരാനാകും. ദേശീയതയുടെ പേരില്‍ ആയിരങ്ങളെ നിശബ്ദരാക്കുകയാണ്. കശ്മീരിലെ ജനതയുടെ ജനാധിപത്യാവകാശങ്ങള്‍ ഇല്ലാതാക്കുകയാണെന്നും ഇതിനെതിരെയുള്ള പ്രതിഷേധം അവസാനിപ്പിക്കില്ലെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസമാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ നേതാക്കള്‍ ജമ്മു കശ്മീരിലെ അവസ്ഥ മനസ്സിലാക്കുന്നതിനായി സന്ദര്‍ശനം നടത്തിയത്. എന്നാല്‍, വിമാനത്താവളത്തില്‍ അധികൃതര്‍ രാഹുലിനെയും സംഘത്തെയും തടഞ്ഞ് തിരിച്ചയക്കുകയായിരുന്നു.
