ദില്ലി: ഇന്ത്യന്‍ ദേശീയ പതാകയ്ക്ക് പകരം പരാഗ്വേയുടെ പതാക ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത റോബര്‍ട്ട് വാദ്രയെ ട്രോളി സോഷ്യല്‍ മീഡിയ. കഴിഞ്ഞ ദിവസം ദില്ലിയില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മഷിപുരട്ടിയ വിരലിന്‍റെ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തപ്പോഴാണ് വാദ്രയ്ക്ക് അബദ്ധം പറ്റിയത്. വോട്ടവകാശം ആവേശത്തോടെ വിനിയോഗിക്കാന്‍ ആവശ്യപ്പെട്ട് പോസ്റ്റ് ചെയ്ത ചിത്രത്തിനൊപ്പം ത്രിവര്‍ണപതാകയ്ക്ക് പകരം പരാഗ്വയുടെ പതാകയാണ് ചേര്‍ത്തത്. 

പരാഗ്വേയുടെ പതാകയില്‍ ചുവപ്പും വെളുപ്പും നീലയും നിറങ്ങളാണെന്ന് റോബര്‍ട്ട് വാദ്ര തിരിച്ചറിഞ്ഞില്ല. ഉടനെ വിമര്‍ശനവും ട്രോളുമായി നിരവധി പേരെത്തി. പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവിന് ഇന്ത്യന്‍ ദേശീയ പതാകയുടെ നിറം പോലും അറിയില്ലേ എന്നാണ് സോഷ്യല്‍ മീഡിയയുടെ ചോദ്യം. അബന്ധം മനസിലായ വാദ്ര പിന്നീട് ട്വീറ്റ് പിന്‍വലിച്ചു.