Asianet News MalayalamAsianet News Malayalam

ആതിഷ് തസീറിന്‍റ പൗരത്വം റദ്ദാക്കല്‍; കേന്ദ്രത്തിന് തുറന്ന കത്തുമായി പ്രമുഖ ഏഴുത്തുകാര്‍

ആദിഷിന്‍റെ പ്രവാസി പൗരത്വം റദ്ദാക്കിയത് പുനഃപരിശോധിക്കണമെന്ന് കത്തില്‍ എഴുത്തുകാര്‍ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് ടൈം മാഗസിനില്‍ 'ഡിവൈഡര്‍ ഇന്‍ ചീഫ്' എന്ന തലക്കെട്ടില്‍ ലേഖനമെഴുതിയ എഴുത്തുകാരനാണ് ആതിഷ് അലി തസീര്‍

prominent writers letter to central government to restore Aatish Taseer citizenship
Author
Delhi, First Published Nov 15, 2019, 10:42 AM IST

ദില്ലി: ഇന്ത്യന്‍ വംശജനും മാധ്യമപ്രവര്‍ത്തകനുമായ ആദിഷ് തസീറിന്‍റെ പ്രവാസി പൗരത്വം റദ്ദാക്കിയത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് തുറന്ന കത്തുമായി എഴുത്തുകാര്‍. ഓര്‍ഹാന്‍ പാമുക്, മാര്‍ഗരറ്റ് ആറ്റ്‍വുഡ്, സര്‍മാന്‍ റുഷ്ദി, അമിതാവ് ഘോഷ് തുടങ്ങി 260 പ്രമുഖ എഴുത്തുകാരാണ് കത്ത് എഴുതിയിരിക്കുന്നത്.

ആദിഷിന്‍റെ പ്രവാസി പൗരത്വം റദ്ദാക്കിയത് പുനഃപരിശോധിക്കണമെന്ന് കത്തില്‍ ഇവര്‍ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് ടൈം മാഗസിനില്‍ 'ഡിവൈഡര്‍ ഇന്‍ ചീഫ്' എന്ന തലക്കെട്ടില്‍ ലേഖനമെഴുതിയ എഴുത്തുകാരനാണ് ആതിഷ് അലി തസീര്‍. നിരവധി തവണ ആതിഷിന് ഇന്ത്യയില്‍ വരാനും, എത്ര കാലത്തേക്ക് രാജ്യത്ത് നില്‍ക്കാനും ഏത് സമയത്തും ഇന്ത്യയിലെത്താനും അനുമതി നല്‍കുന്നതാണ് ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡ്.

ഇന്ത്യയില്‍ താമസിക്കുന്നവരല്ലാത്ത ഇന്ത്യക്കാരുടെ എല്ലാ അവകാശങ്ങളും ഈ കാര്‍ഡുടമകള്‍ക്കുണ്ട്. ഈ അവകാശങ്ങളാണ് ആതിഷിന് നഷ്ടമായത്. അടിസ്ഥാന വിവരങ്ങള്‍ നല്‍കാത്തതിനാലാണ് പൗരത്വം റദ്ദാക്കിയതെന്നാണ് സംഭവത്തില്‍ ആഭ്യന്തരമന്ത്രാലയത്തിന്‍റെ പ്രതികരണം. ടൈം മാഗസിന്‍ ലേഖനവുമായി നടപടിക്ക് ബന്ധമില്ലെന്നും ആഭ്യന്തര മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡിനായി അപേക്ഷ നല്‍കുമ്പോള്‍ പിതാവ് പാക് സ്വദേശിയാണെന്ന വിവരം ആതിഷ് മറച്ചുവെച്ചുവെന്നാണ് ആഭ്യന്തരമന്ത്രാലയം വിശദമാക്കുന്നത്.

2019 മേയ് 20ന് പുറത്തിറങ്ങിയ ടൈം മാഗസിന്‍റെ കവര്‍ സ്റ്റോറിയിലായിരുന്നു പ്രധാനമന്ത്രിയെ വിഭാഗീയതയുടെ തലവനെന്ന് ആതിഷ് അഭിസംബോധന ചെയ്തത്. പ്രധാനമന്ത്രിയുടെ പ്രതിഛായ മോശമാക്കാനുള്ള ശ്രമം എന്നാണ് തസീറിന്റെ ലേഖനത്തെ ബിജെപി വിമര്‍ശിച്ചത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യ ഇതുവരെ ഉണ്ടായതിനേക്കാള്‍ വലിയ വിഭാഗീയതയാണ് നരേന്ദ്രമോദിക്ക് കീഴില്‍ നേരിടുന്നതെന്നായിരുന്നു ആതിഷിന്‍റെ ലേഖനം അവകാശപ്പെട്ടത്.

ആള്‍ക്കൂട്ട കൊലപാതകം, യോഗി ആദിത്യനാഥിനെ യുപി മുഖ്യമന്ത്രിയാക്കിയത്, മലേഗാവ് സ്‌ഫോടനക്കേസ് ആരോപണവിധേയയായ പ്രാഗ്യാസിംഗ് ഠാക്കൂറിന്റെ സ്ഥാനാര്‍ത്ഥിത്വം ഇവയെല്ലാം ആതിഷിന്‍റെ ലേഖനത്തില്‍ വിമര്‍ശനത്തിന് വിധേയമായിരുന്നു. മാധ്യമപ്രവര്‍ത്തകയും ഇന്ത്യക്കാരിയുമായ തവ്ലീന്‍ സിങിന്‍റേയും പാകിസ്ഥാന്‍ സ്വദേശിയായ സല്‍മാന്‍ തസീറിന്‍റേയും മകനാണ് ആതിഷ് തസീര്‍. ബിസിനസുകാരനും സ്വതന്ത്ര നിലപാടുള്ള രാഷ്ട്രീയക്കാരനുമായ സല്‍മാന്‍ തസീറിനെ 2011 കൊലപ്പെടുത്തുകയായിരുന്നു. ആതിഷ് തസീര്‍ ലണ്ടനില്‍ ജനിക്കുകയും ഇന്ത്യയില്‍ വളരുകയും ചെയ്തയാളാണ്. നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുളള വ്യക്തിയാണ് ആതിഷ്.

Follow Us:
Download App:
  • android
  • ios