ഹൈദരാബാദ്: തെലങ്കാനയില്‍ ക്ഷേത്രത്തിന്‍റെ ചുമരില്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്‍റെ ചിത്രം കൊത്തി വെച്ചതിനെ തുടര്‍ന്ന് പ്രതിഷേധം ശക്തമാകുന്നു. യദ്രാദി ക്ഷേത്രത്തിന്‍റെ ചുമരിലാണ് ചന്ദ്രശേഖര റാവുവിന്‍റെയും അദ്ദേഹത്തിന്‍റെ പാര്‍ട്ടിയുടെയും ചിഹ്നം കൊത്തിവെച്ചത്. സംഭവം വിവാദമായതോടെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തെത്തി.

എന്നാല്‍ മുഖ്യമന്ത്രിയോടുള്ള ആരാധന കൊണ്ട് ശില്‍പിയാണ് ക്ഷേത്രച്ചുമരില്‍ ചിത്രം കൊത്തിയതെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിര്‍ദ്ദേശങ്ങളൊന്നും നല്‍കിയിട്ടില്ലെന്നുമാണ് ക്ഷേത്രഭാരവാഹികള്‍ അറിയിച്ചത്. ചന്ദ്രശേഖര റാവുവിന്‍റെ ചിത്രത്തിനൊപ്പം അദ്ദേഹത്തിന്‍റെ പാര്‍ട്ടി ചിഹ്നമായ കാറ്, വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ അടയാളങ്ങള്‍ എന്നിവയും ചുമരില്‍ കൊത്തിവെച്ചിട്ടുണ്ട്.

പ്രതിഷേധം ശക്തമായതോടെചിത്രം നീക്കം ചെയ്യാന്‍ തയ്യാറാണെന്ന് ക്ഷേത്രഭാരവാഹികള്‍ അറിയിച്ചു. എന്നാല്‍ മറ്റ് പല ക്ഷേത്രങ്ങളിലും ശില്‍പികള്‍ അവരുടെ ഇഷ്ടാനുസരണം ചിത്രങ്ങള്‍ കൊത്തി വെയ്ക്കാറുണ്ടെന്ന് യദാദ്രി ക്ഷേത്ര വികസന അതോറിറ്റി സ്പെഷ്യല്‍ ഓഫീസര്‍ ജി കിഷന്‍ റാവു അറിയിച്ചു.