മാധ്യമപ്രവർത്തകൻ അർണാബ്​ ഗോസ്വാമിയെ വിമാനയാത്രക്കിടെ ചോദ്യം ചെയ്​ത ഹാസ്യകലാകാരന്‍ കുനാൽ കമ്രക്ക് യാത്ര വിലക്കേർപ്പെടുത്തിയ ഇൻഡിഗോ എയർലൈൻസിന്‍റെ നടപടിക്കെതിരെ പ്രതിഷേധം. മലയാളികൾ അടക്കമുള്ള യാത്രക്കാരാണ് പ്രതിഷേധവുമായി എത്തിയത്. ഇൻഡിഗോയുടെ വരാണസി-ഡൽഹി വിമാനത്തിലും, എയർ ഇന്ത്യയുടെ കണ്ണൂർ-അബൂദാബി വിമാനത്തിലുമാണ്​ യാത്രക്കാർ കുനാൽ കമ്രക്ക് പിന്തുണയുമായി പ്രതിഷേധ പ്രകടനം നടത്തിയത്.

പരിസ്​ഥിതി പ്രവർത്തക പ്രിയ പിള്ളയുടെ നേതൃത്വത്തിൽ പ്ലക്കാർഡുകൾ ഉയർത്തിയായിരുന്നു പ്രതിഷേധം. ഇന്‍റിഗോ വിമാനത്തില്‍ വച്ച് റിപ്പബ്ലിക്ക് ടിവി എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിയോട് മോശമായി പെരുമാറി എന്ന പേരില്‍ കുനാലിന് ഇന്‍റിഗോ അടക്കം നാല് എയര്‍ലൈനുകള്‍ യാത്ര വിലക്കേര്‍പ്പെടുത്തിയത്. ഇന്‍റിഗോ എയര്‍ലൈന്‍സ് ഏര്‍പ്പെടുത്തിയ ആറ് മാസത്തെ യാത്ര വിലക്കിനെതിരെ നിയമ നടപടിയുമായി കുനാൽ കമ്ര രംഗത്ത് എത്തിയിരുന്നു. വിമാനയാത്ര വിലക്കിനെതിരെ കുനാൽ കമ്ര ഇൻഡിഗോ എയർലൈൻസിനു വക്കീൽ നോട്ടീസ് അയച്ചു.  25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം, യാത്ര വിലക്ക് എത്രയും പെട്ടെന്ന് നീക്കണമെന്നും നിരുപാധികം മാപ്പ് പറയണമെന്നും കമ്പനിയോട് കമ്ര നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തെ കുനാല്‍ കമ്രക്ക്  പിന്തുണയുമായി മുന്‍ സുപ്രീം കോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു, രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ രംഗത്ത് എത്തിയിരുന്നു. 2017ല്‍ കേന്ദ്രം കൊണ്ടുവന്ന യാത്രക്കാരെ വിലക്കുന്നതുമായി ബന്ധപ്പെട്ട നിയമപ്രകാരം ഏത് കമ്പനിയുടെ യാത്രവിമാനത്തിലും മോശമായി പെരുമാറുന്ന യാത്രക്കാരനെ മറ്റ് എയര്‍ലൈനുകള്‍ക്ക് വിശദമായ അന്വേഷണം നടത്തി വിലക്കാം എന്ന് പറയുന്നുണ്ട്. അത് പ്രകാരമാണ് കുനാലിനെ എയര്‍ ഇന്ത്യയും മറ്റ് എയര്‍ലൈനുകളും വിലക്കിയത് എന്നാണ് വ്യോമയാന വൃത്തങ്ങള്‍ നല്‍കിയ  വിശദീകരണം.