ദില്ലി: കൊവിഡ് ​ഗുരുതരമായി ബാധിച്ച രോ​ഗികളിൽ സോറിയാസിസ് രോ​ഗത്തിന് ഉപയോ​ഗിക്കുന്ന മരുന്ന് നൽകാൻ അനുമതി ലഭിച്ചതായി അധികൃതർ അറിയിച്ചു. ത്വക്ക് രോ​ഗമായ സോറിയാസിസിന് നൽകുന്ന ഇറ്റോലിസുമാബ് എന്ന മരുന്നാണ് കൊവിഡ് രോ​ഗികൾക്ക് നൽകാൻ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകിയിരിക്കുന്നത്. അടിയന്തിര ഘട്ടങ്ങളിൽ നിയന്ത്രിതമായ രീതിയിൽ ഇവ നൽകാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. 

കൊവിഡ് ബാധയെ തുടർന്ന് കടുത്ത ശ്വാസതടസ്സ പ്രശ്നങ്ങൾ അനുഭവിക്കുന്ന രോ​ഗികൾക്കാണ് ഇത് നൽകുന്നത്. സോറിയാസിസ് ചികിത്സയിൽ അം​ഗീകൃത മരുന്നായിട്ടാണ് ബയോകോണിന്റെ ഇറ്റോലിസുമാബ് പരി​ഗണിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ കുറേ കൊല്ലങ്ങളായി സോറിയാസിസ് ചികിത്സയിൽ ഫലപ്രദമായി ഉപയോഗിച്ചു വരുന്ന മരുന്നാണ് ഇറ്റോലിസുമാബ് . ഇന്ത്യയിലെ ഏറ്റവും വലിയ ഫാർമസിസ്റ്റ് കമ്പനിയായ ബയോകോൺ ആണ് ഇറ്റോലിസുമാബിന്റെ ഉത്‌പാദകർ.

ക്ലിനിക്കൽ ട്രയലിൽ ഈ മരുന്നിന്റെ ഉപയോ​ഗം തൃപ്തികരമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കൊവിഡ് ചികിത്സയിൽ ഉപയോ​​ഗപ്പെടുത്താമെന്ന് ഡ്രഗ് കൺട്രോളർ ജനറൽ ഡോ. വി ജി സൊമാനി വ്യക്തമാക്കി. രോ​ഗികളുടെ രേഖാമൂലമുള്ള അനുമതിയോടെ മാത്രമേ ഇവ ഉപയോ​ഗിക്കാൻ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.