പുതുച്ചേരി: പുതുച്ചേരിയിൽ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം വനത്തിൽ ഉപേക്ഷിച്ചു. ഒറ്റപ്പെട്ട പ്രദേശത്തെ കുഴിയിൽ മൃതദേഹം തള്ളിയിട്ട ശേഷം ഉദ്യോഗസ്ഥർ മടങ്ങുകയായിരുന്നു. നീതി നിഷേധിക്കപ്പെട്ടെന്ന് മരിച്ച ചെന്നൈ സ്വദേശിയുടെ കുടുംബം ആരോപിച്ചു. സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.

ഹോൾഡ് സ്‌ട്രെക്ച്ചറിൽ കൊണ്ടുവന്ന് ഒറ്റപ്പെട്ട പ്രദേശത്തെ കുഴിയിലേക്ക് മൃതദേഹം തള്ളിയിട്ടു. പ്രോട്ടോക്കോൾ പാലിച്ച് മൃതദേഹം സംസ്കരിച്ചെന്ന് വീട്ടുകാരെ ധരിപ്പിക്കുകയും ചെയ്തു. എന്നാൽ, ജീവനക്കാരിൽ ഒരാൾ തന്നെ ചിത്രീകരിച്ച ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് ഗുരുതര അനാസ്ഥ വെളിച്ചത്തായത്. ചെന്നൈ സ്വദേശിയായ 44 കാരൻ വ്യാഴാഴ്ചയാണ് മരിച്ചത്.

പുതുച്ചേരിയിൽ ഭാര്യാവസതിയിൽ വച്ച് ഇയാള്‍ക്ക് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടർന്ന് നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചു. മൃതദേഹം പ്രോട്ടോക്കോൾ പാലിച്ച് സംസ്കരിക്കാമെന്ന് പറഞ്ഞ് കൊണ്ടുപോയി വനപ്രദേശത്ത് തള്ളുകയായിരുന്നു. മൂലക്കുളം വനമേഖലയിൽ കുഴിയെടുത്ത് ഇവിടെ ഉപേക്ഷിച്ച് മടങ്ങി. മണ്ണിട്ട് മറവ് ചെയ്തില്ല. മെഡിക്കൽ ഓഫീസറും പൊലീസ് ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.

പുതുച്ചേരിയിൽ ആദ്യ കൊവിഡ് മരണം കൂടിയാണിത്. മാനദണ്ഡങ്ങൾ പാലിച്ച് സംസ്കരിക്കാൻ നിർദേശിച്ചതാണെന്നും ജീവനക്കാർക്ക് സംഭവിച്ച പിഴവെന്നുമാണ് സർക്കാർ വിശദീകരണം. മൃതദേഹം പുറത്തെടുത്ത് ആദരവോടെ സംസ്കരിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. സംഭവത്തില്‍  ആരോഗ്യ സെക്രട്ടറിയോടെ സർക്കാർ റിപ്പോർട്ട് തേടി. അതേസമയം, കൊവിഡ് ബാധിച്ച് മരിച്ച മാഹി സ്വദേശിയെ പുതുച്ചേരി കേരള സർക്കാരുകൾ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല