ദില്ലി: ജമ്മു കശ്മീരിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ നടന്ന  ഏറ്റുമുട്ടലുകളിൽ ഏഴ് ഭീകരരെ സൈന്യം വധിച്ചു. ഒരു സൈനികൻ വീരമൃത്യു വരിച്ചു. പുൽവാമയിലും ഷോപ്പിയാനിലുമാണ് ഏറ്റുമുട്ടൽ നടന്നത്.

പുലർച്ചയോടെയാണ് തെക്കൻ കശ്മീരിലെ പുൽവാമയിൽ ഏറ്റുമുട്ടൽ തുടങ്ങിയത്. വൻ ആയുധശേഖരവുമായി ഭീകരരർ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നാണ് പുൽവാമയിലെ  സദൂര മേഖലയിൽ സൈന്യം തിരച്ചിൽ തുടങ്ങിയത്. ഇതോടെ ഭീകരരർ സൈനികർക്ക് നേരെ ആക്രമണം തുടങ്ങി. സൈന്യം ശക്തമായി തിരിച്ചടിച്ചു.

ഏറ്റുമുട്ടലിൽ മൂന്നു ഭീകരരെ വധിച്ചതായി സൈനിക വക്താവ് കേണൽ രാജേഷ് കാലിയ അറിയിച്ചു. പുൽവാമ കേന്ദ്രീകരിച്ച് ഭീകര പ്രവര്‍ത്തനം നടത്തുന്ന സംഘത്തിലെ ദിൽ ഹഫീസ്, റൗഫ്, ആർഷിദ് എന്നിവരാണ് കൊല്ലപ്പെട്ടത്. റൗഫ്, അർഷിദ് എന്നിവർ പുതുതായി സംഘത്തില്‍ ചേര്‍ന്നതാണെന്നാണ് സൈന്യം വ്യക്തമാക്കുന്നത്. തീവ്രവാദികളില്‍ നിന്ന് വൻ ആയുധശേഖരവും കണ്ടെത്തി. . ഏറ്റുമുട്ടലില്‍  പരിക്കേറ്റ സൈനികനെ ശ്രീനഗറിലെ സൈനിക ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ രാത്രി ഷോപിയാനിൽ നടന്ന  മറ്റൊരു ഏറ്റമുട്ടലില്‍  നാല് ഭീകരരെ സൈന്യം വധിക്കുകയും ഒരു ഭീകരനെ പിടികൂടുകയും ചെയ്തു.